/kalakaumudi/media/media_files/2025/07/11/kollam-railway-station-renovation-2025-07-11-10-52-10.jpg)
കൊല്ലം: നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷനിൽ സുരക്ഷാ വീഴ്ച മൂലം ഉണ്ടായ അപകടത്തിൽ രണ്ടു യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം സ്വദേശിയും മൈനാഗപള്ളി സ്കൂളിലെ അധ്യാപികയുമായ ആശ (42) കൊല്ലം നീരാവിൽ സ്വദേശി സുധീഷ് (35) എന്നിവർക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർമ്മാണ പ്രവർത്തനത്തിനിടെ മൂന്നാം നിലയിൽ നിന്ന് വലിയ ഭാരമുള്ള കമ്പി താഴേക്ക് പതിക്കുകയായിരുന്നു. ഷീറ്റിൽ തട്ടിയ ശേഷമാണ് കമ്പി യാത്രക്കാരുടെ തലയിൽ വീണത്. അല്ലായിരുന്നുവെങ്കിൽ പരിക്കേറ്റവർക്ക് ജീവഹാനി തന്നെ സംഭവിക്കുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ജോലി ആവശ്യങ്ങൾക്കും പഠന ആവശ്യങ്ങൾക്കുമായി നിരവധി യാത്രക്കാരാണ് കൊല്ലം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ യുള്ള കെട്ടിട നിർമ്മാണം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യാത്രക്കാർ പറഞ്ഞു.