യുവ ഡോക്ടര്‍മാരുടെ സാഹസിക രക്ഷാദൗത്യത്തിനും ജീവന്‍ രക്ഷിക്കാനായില്ല, ലിനു യാത്രയായി

ലിനു അത്യാസന്നനിലയില്‍ ആയിരുന്നതിനാല്‍ അടിയന്തര ശസ്ത്രക്രിയ അവര്‍ വഴിയരികില്‍ തന്നെ നടത്തി. നാട്ടുകാര്‍ എത്തിച്ച ബ്ലേഡ് കൊണ്ടു ലിനുവിന്റെ കഴുത്തില്‍ മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്കു ചെറിയ പ്ലാസ്റ്റിക് സ്‌ട്രോ കടത്തിയാണ് ശ്വസനം വീണ്ടെടുത്തത്.

author-image
Biju
New Update
linu

കൊച്ചി: റോഡരികിലെ മങ്ങിയ വെളിച്ചത്തില്‍ 3 ഡോക്ടര്‍മാര്‍ നടത്തിയ സാഹസിക ശസ്ത്രക്രിയ, ആ സമര്‍പ്പിത സേവനത്തിനു കയ്യടിച്ച് നാടാകെ ഉരുവിട്ട പ്രാര്‍ഥനകള്‍... എല്ലാം വിഫലം. ഞായറാഴ്ച രാത്രി ഉദയംപേരൂരില്‍ അപകടത്തില്‍പെട്ടു ഗുരുതര നിലയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ കൊല്ലം പത്തനാപുരം സ്വദേശി വി.ഡി.ലിനു (40) മരണത്തിനു കീഴടങ്ങി.

മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ലിനുവിന്റെ മുഖമാകെ തകര്‍ന്നിരുന്നു. ശ്വസിക്കാനാകാതെ, രക്തം വാര്‍ന്ന് റോഡില്‍ കിടന്നു പിടയുമ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം അസി. പ്രഫസര്‍ ഡോ. ബി. മനൂപ്, കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ആര്‍എംഒ ഡോ. തോമസ് പീറ്റര്‍, ഭാര്യ ഡോ. ദിദിയ കെ. തോമസ് എന്നിവര്‍ 2 കാറുകളിലായി അതുവഴി വന്നത്.

ലിനു അത്യാസന്നനിലയില്‍ ആയിരുന്നതിനാല്‍ അടിയന്തര ശസ്ത്രക്രിയ അവര്‍ വഴിയരികില്‍ തന്നെ നടത്തി. നാട്ടുകാര്‍ എത്തിച്ച ബ്ലേഡ് കൊണ്ടു ലിനുവിന്റെ കഴുത്തില്‍ മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്കു ചെറിയ പ്ലാസ്റ്റിക് സ്‌ട്രോ കടത്തിയാണ് ശ്വസനം വീണ്ടെടുത്തത്. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം.

കൊച്ചിയിലെ മൗസി ഫുഡ് കമ്പനി റീജനല്‍ മാനേജരായ ലിനു മക്കള്‍ക്കുള്ള ക്രിസ്മസ് സമ്മാനവുമായി നാട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. പത്തനാപുരം പുന്നല ഇഞ്ചൂര്‍ ലിനേഷ് ഭവനില്‍ ഡെന്നിസ് ജോസഫിന്റെ മകനാണ്. ഭാര്യ: ജിജി. മക്കള്‍: ഏയ്ഞ്ചല്‍, ആന്‍ഡ്രിയ. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. സംസ്‌കാരം നാളെ പത്തനാപുരം ചാച്ചിപ്പുന്ന ശാലേം മാര്‍ത്തോമ്മാ പള്ളിയില്‍.