തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ രണ്ട് എൽ.ഡി.എഫ് കൗൺസിലർമാരുടെ അയോഗ്യരാക്കിയ നടപടി വിവാദമായി.എൽ.ഡി.എഫ് കൗൺസിലർമാരായ ഉഷാ പ്രവീൺ, സുനി കൈലാസൻ എന്നിവരെയാണ് ഇന്നലെ നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ അയോഗ്യരാക്കാൻ തീരുമാനിച്ചത്.എന്നാൽ യു.ഡി.എഫ് കൗൺസിലർ രജനി ജീജനെ അയോഗ്യരാക്കിയതിനെതിരെ സമർപ്പിച്ച അപേക്ഷ കൗൺസിൽ അംഗീകരിച്ചു.തന്റെ ഭർത്താവ് വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുകയും,പിന്നീട് മരിക്കുകയുമായിരുന്നു,ഇക്കാരണത്താലാണ് താൻ യോഗങ്ങളിൽ നിന്നും വിട്ടുനിന്നതെന്ന് ചൂണ്ടിക്കാട്ടി രജനി ജീജൻ നൽകിയ അപേക്ഷ കൗൺസിൽ അംഗീകരിക്കുകയായിരുന്നു.താൻ വാഹനാ അപകടത്തെ തുടർന്ന് ആശുപത്രിയിലായിരുന്നെന്നും.നേരത്തെ അവധി അപേക്ഷ സമർപ്പിച്ചിരുന്നെന്നും ചൂണ്ടിക്കാട്ടി അയോഗ്യത നീക്കണമെന്നാവശ്യപ്പെട്ട് സുനി കൈലാസനും,തന്റെ മാതാവ് ഗുരുതരമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും,പിന്നീട് മരിക്കുകയുമായിരുന്നു,ഇതിനുപിന്നാലെ സഹോദരനും,പിതാവിനും ഗുരുതരമായ അസുഖം ബാധിച്ചതിനെ തുടർന്ന് കിടപ്പിലായതിനാലാണ് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നതെന്നും ചൂണ്ടിക്കാട്ടി ഉഷാ പ്രവീണും നൽകിയ അപേക്ഷ യു.ഡി.എഫ് കൗൺസിലർമാരുടെ എതിർപ്പിനെ തുടർന്ന് തള്ളുകയായിരുന്നു.ഭൂരിപക്ഷ അംഗങ്ങളുടെ പിൻബലത്തോടെ യു.ഡി.എഫ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാരായ എം.കെ ചന്ദ്ര ബാബു ജിജോ ചിങ്ങംതറ,പി.സി മനൂപ് എന്നിവർ രംഗത്ത് വന്നു. ഇതിനെതിരെ യു.ഡി.എഫ് കൗൺസിലർമാരായ എം.ഓ വർഗ്ഗിസ്, ഷാജി വാഴക്കാല,റാഷിദ് ഉള്ളംപള്ളി,എ.എ ഇബ്രാഹിംകുട്ടി എന്നിവർ രംഗത്ത് വന്നതോടെ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. ഇതിനിടെ മറ്റ് അജണ്ടകൾ പാസാക്കിയതായി പ്രഖ്യാപിച്ച് ചെയർപേഴ്സൻ കൗൺസിൽ പിരിച്ചുവിട്ടു.കഴിഞ്ഞ മാസം സമാനമായ രീതിയിൽ യു.ഡി.എഫ് കൗൺസിലർ അജിത തങ്കപ്പനെ അയോഗ്യയാക്കുകയും.പിന്നീട് കൗൺസിൽ യോഗത്തിൽ അജിത നൽകിയ അപേക്ഷ പ്രകാരം അംഗത്യം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു, ഭൂരിപക്ഷമുള്ളതിന്റെ പിൻബലത്തിൽ എൽ.ഡി.എഫ് കൗണ്സിലർമാരോടുള്ള ഇരട്ടത്താപ്പ് നയത്തിനെതിരെ കോടതിയിൽ പോകുമെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.