/kalakaumudi/media/media_files/zpQEC7Nl6VrLUiBEr96i.jpg)
തദ്ദേശ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ ആധികാരിക വിജയം സിപിഎമ്മിനെ തള്ളിവിടുന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. ത്രിതല പഞ്ചായത്തുകളും നഗരസഭകളിലും വന്‍ വിജയം നേടിയതോടെ മൂന്നാം പിണറായി സര്‍ക്കാര്‍ ഉണ്ടാവുക അത്ര എളുപ്പമല്ലന്ന സൂചനയാണ് ലഭിക്കുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ച തെരെഞ്ഞെടുപ്പില്‍ കാര്യമായ പണിയൊന്നും എടുക്കാതെയാണ് യുഡിഎഫ് ഈ വിജയം നേടിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികപീഡനാരോപണം ശക്തിയായി തന്നെ സിപിഎം തെരെഞ്ഞെടുപ്പ് രംഗത്തു ഉപയോഗിച്ചിട്ടും കാര്യമായ ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതേ സമയം ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സിപിഎമ്മും സര്‍ക്കാരും വലിയ തോതില്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തു.
യുഡിഎഫിലെ അനൈക്യം തങ്ങള്‍ക്ക് തുണയാകുമെന്ന കണക്കുകൂട്ടലിലായിരുന്നു സിപിഎം. തെരെഞ്ഞെടുപ്പ് ദിനത്തില്‍ പോലും വ്യത്യസ്ത രീതിയില്‍ സംസാരിച്ച നേതാക്കള്‍ നയിക്കുന്ന മുണന്നിയെ ജനം പരിഗണിക്കില്ലന്നായിരുന്നു സിപിഎം കരുതിയത്. അതോടൊപ്പം ക്ഷേമപെന്‍ഷനുകളിലെ വന്‍ വര്‍ധനവും, അതി ദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനവും, ലൈഫ് പോലുള്ള പദ്ധതികളും അതിലുപരി പിണറായി വിജയന്‍ എന്ന നേതാവിന്റെ ഇമേജും തങ്ങള്‍ക്ക് വലിയ വിജയം നേടിത്തരുമെന്ന് സിപിഎം കരുതി. പിണറായി എന്ന ഒറ്റ നേതാവിന്റെ കരുത്തിലാണ് എല്ലാ തെരെഞ്ഞെടുപ്പുകളെയും സിപിഎം നേരിട്ടത്. അങ്ങിനെ വരുമ്പോള്‍ ഈ പരാജയം പിണറായിയുടെ പരാജയമായി വ്യാഖ്യാനിക്കപ്പെടും. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ മുന്നില്‍ വയ്കാന്‍ വേറൊരു നേതാവില്ലാതാനും. സര്‍ക്കാരിന്റെ നയങ്ങളിലും പരിപാടികളിലും എന്തെങ്കിലും മാറ്റം വരുത്തി ജനവികാരം അനുകൂലമാക്കിയെടുക്കാനുള്ള സമയം ഇനി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മുന്നിലില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പരാജയം വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ എങ്ങിനെ മറികടക്കാന്‍ കഴിയുമെന്നാലോചിച്ച് സിപിഎം തലപുണ്ണാക്കുകയാണ്.
അഞ്ഞൂറിലധികം പഞ്ചായത്തുകളിലും എഴു ജില്ലാ പഞ്ചായത്തുകളിലും യുഡിഎഫ് സമ്പൂര്‍ണ്ണ ആധിപത്യം നേടിയത് വലിയ പ്രതിസന്ധിയാണ് സിപിഎമ്മിനുണ്ടാക്കിയിരിക്കുന്നത്. ഇത് പാര്‍ട്ടിയും മുന്നണിയും പ്രതീക്ഷിച്ചതല്ല. തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പില്‍ സിപിഎമ്മും കൈക്കൊണ്ട രാഷ്ട്രീയ തന്ത്രം പൂര്‍ണ്ണമായും തിരിച്ചടിച്ചുവെന്ന് പാര്‍ട്ടി മനസിലാക്കിയിട്ടുണ്ട്. യുഡിഎഫിന് അനകൂലമായുണ്ടായ ന്യുനപക്ഷ ഏകീകരണവും ശബരിമല വിവാദവും വലിയ തോതില്‍ സിപിഎമ്മിനും തിരിച്ചടിയായെന്ന് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. ഇടക്കാലത്ത് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും കൈവിട്ട മുസ്‌ളീം വോട്ടുകള്‍ വലിയ തോതില്‍ അവരിലേക്ക് തിരിച്ചുവന്നു. അതേ സമയം ബിജെപി തട്ടിയെടുക്കമെന്ന് പ്രതീക്ഷിച്ചിരുന്ന ക്രൈസ്തവ വോട്ടുകള്‍ കാര്യമായി ആ പാര്‍ട്ടിക്കു കിട്ടിയതുമില്ല. ക്രൈസ്തവര്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മധ്യ കേരളത്തിലെ ജില്ലകളിലെല്ലാം കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലുണ്ടായിട്ട് പോലും അതിന്റെ പ്രയോജനം കാര്യമായി ഇടതുമുന്നണിക്ക് ഇത്തവണ ലഭിക്കുകയുണ്ടായില്ല.
ബിജെപി കടന്നുകയറിയത് ഇടതുവോട്ടുകളിലേക്കാണെന്നതും സിപിഎമ്മിനെ വ്യാകുലപ്പെടുത്തുന്നുണ്ട്. ഇത് പാര്‍ട്ടി പ്രതീക്ഷിച്ചതല്ല. ബിജെപി യുഡിഎഫ് വോട്ടുകളെ ചോര്‍ത്തുമെന്ന പരമ്പരാഗത വിശ്വാസത്തിലായിരുന്നു പാര്‍ട്ടി. സിപിഎമ്മിനു കാലാകാലങ്ങളായി കിട്ടിയിരുന്നു ഹൈന്ദവ വോട്ടുബാങ്കുകളിലേക്ക് ബിജെപി കടന്നുകയറിയത് വരും കാലങ്ങളിലും പാര്‍ട്ടിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
യുഡിഎഫിന്റെ ഈ അപ്രതീക്ഷിത വിജയം വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ചലനങ്ങളുണ്ടാക്കുമെന്ന കാര്യം ഉറപ്പായിരിക്കേ അതിനെ എങ്ങിനെ നേരിടണമെന്ന് നിലവില്‍ സിപിഎമ്മിന് ഒരു രൂപവുമില്ല. ഈ വന്‍ തോല്‍വി സംഭവിച്ചതെങ്ങിനെക്കുറിച്ച് എന്ന് കീഴ്ഘടങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളെ കാത്തിരിക്കുകയാണ് പാര്‍ട്ടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
