/kalakaumudi/media/media_files/2025/12/13/kaiiiiii-2025-12-13-16-05-42.jpg)
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽകേരളത്തിൽ മുഴുവൻ യുഡിഎഫ് തരംഗം.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ബ്ലോക്ക് പഞ്ചായത്തുകളിലെല്ലാം കോൺഗ്രസ് ചരിത്ര വിജയം നേടി .
ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും ഏഴെണ്ണം വീതം നേടി ഒപ്പത്തിനൊപ്പമാണ്.
ഗംഭീര തിരിച്ചുവരവു നടത്തിയ യുഡിഎഫ്, സംസ്ഥാനത്തെ ആറു കോർപ്പറേഷനുകളിൽ നാലിടത്താണ് അധികാരത്തിലേറുന്നത്.
തകർപ്പൻ പ്രകടനം കാഴ്ചവെച്ച ബിജെപി തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിച്ചു.
50 സീറ്റ് നേടിയ എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരാളുടെ കൂടി പിന്തുണ മതി.
29 ഡിവിഷനിൽ എൽഡിഎഫ് വിജയിച്ചപ്പോൾ, 19 ഇടത്ത് യുഡിഎഫും വിജയിച്ചു. രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്.
ബിജെപി മുൻ ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മുൻ ഡിജിപി ആർ ശ്രീലേഖ ( എൻഡിഎ), കെ എസ് ശബരിനാഥൻ ( കോൺഗ്രസ് ), എസ് പി ദീപക് ( സിപിഎം), വഞ്ചിയൂർ ബാബു ( സിപിഎം), മുൻ മേയർ കെ ശ്രീകുമാർ ( സിപിഎം) തുടങ്ങിയവരാണ് വിജയിച്ച പ്രമുഖർ.
തലസ്ഥാനനഗരിയിൽ കോർപ്പറേഷൻ ഭരണം പിടിച്ച ബിജെപിയുടെ വളർച്ച സിപിഎമ്മിനും കോൺഗ്രസിനുമേറ്റ അപ്രതീക്ഷിത തിരിച്ചടിയായി.
കൊച്ചി, തൃശൂർ കോർപ്പറേഷനുകളിൽ ഇടതുമുന്നണിയിൽ നിന്നും യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു.
കൊല്ലത്ത് ഇതാദ്യമായി യുഡിഎഫ് അധികാരത്തിലെത്തി.
കണ്ണൂരിൽ അധികാരം നിലനിർത്തുകയും ചെയ്തു.
കൊച്ചിയിൽ 47 സീറ്റാണ് യുഡിഎഫ് നേടിയത്.
എൽഡിഎഫ് 22 ലേക്ക് ഒതുങ്ങിയപ്പോൾ, എൻഡിഎ ആറു സീറ്റ് നേടി.
ഒരു സ്വതന്ത്രനും വിജയിച്ചു. തൃശൂരിൽ 33 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. 13 സീറ്റിൽ എൽഡിഎഫും എട്ടു ഡിവിഷനുകളിൽ എൻഡിഎയും വിജയിച്ചു.
കണ്ണൂരിൽ യുഡിഎഫ്-36, എൽഡിഎഫ്-15, എൻഡിഎ- 4, മറ്റുള്ളവർ-1 എന്നിങ്ങനെയാണ് കക്ഷിനില.
അതേസമയം കോഴിക്കോട് കോർപ്പറേഷനിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. നേരിയ മുൻതൂക്കമാണ് എൽഡിഎഫിനുള്ളത്.
ഇടതുമുന്നണി 35 ഡിവിഷൻ നേടിയപ്പോൾ യുഡിഎഫിന് 28 സീറ്റുകളാണ് ലഭിച്ചത്. 13 ഡിവിഷനുകളിൽ എൻഡിഎയും വിജയിച്ചിട്ടുണ്ട്.
കോഴിക്കോട് കോർപ്പറേഷനിലേക്ക് മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും കണ്ടുവെച്ചിരുന്ന സ്ഥാനാർത്ഥികൾ തോറ്റു.
സിപിഎമ്മിന്റെ സിപി മുസാഫർ അഹമ്മദ് മീഞ്ചന്ത ഡിവിഷനിൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായിരുന്ന പി എം നിയാസും പരാജയം രുചിച്ചു.
എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി മഹിളാമോർച്ച് സംസ്ഥാന അധ്യക്ഷയുമായ നവ്യഹരിദാസ് വിജയിച്ചിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ കൊല്ലത്ത്, കോർപ്പറേഷനിൽ നടാടെയാണ് യുഡിഎഫ് അധികാരത്തിലേക്കെത്തുന്നത്.
25 സീറ്റുകളാണ് യുഡിഎഫ് നേടിയത്.
ഇടതുപക്ഷം 15 സീറ്റുകളിലേക്ക് ചുരുങ്ങി. എൻഡിഎ ഒരു ഡിവിഷനും നേടി. മേയർ ഹണി ബെഞ്ചമിനും, മുൻ മേയർ അഡ്വ. രാജേന്ദ്രബാബുവും പരാജയപ്പെട്ടു.
കൊല്ലം കോർപ്പറേഷൻ വടക്കുംഭാഗം ഡിവിഷനിൽ, യുഡിഎഫിന്റെ കുരുവിള ജോസഫിനോടാണ് മേയർ ഹണി ബെഞ്ചമിൻ തോറ്റത്.
ഉളിയക്കോവിൽ ഈസ്റ്റ് ഡിവിഷനിലാണ് രാജേന്ദ്രബാബു പരാജയപ്പെട്ടത്. ബിജെപി സ്ഥാനാർത്ഥി അഭിലാഷ് ആണ് വിജയിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
