അന്‍വറും ജാനുവും ഇനി യുഡിഎഫില്‍

വരുംദിവസങ്ങളില്‍ ഇടതു സഹയാത്രികര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് കൊച്ചിയില്‍ യുഡിഎഫ് ഏകോപന സമിതിയോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു

author-image
Biju
New Update
anvar

കൊച്ചി: എന്‍ഡിഎയുടെ ഭാഗമായിരുന്ന 2 ഘടകകക്ഷികളെയും പി.വി.അന്‍വറിനേയും സ്വന്തം പാളയത്തിലെത്തിച്ച് യുഡിഎഫ്. പി.വി.അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ്, സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി, വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോണ്‍ഗ്രസ് എന്നിവരെ യുഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. എന്നാല്‍, തുടക്കത്തില്‍ അസോഷ്യേറ്റ് അംഗങ്ങളായാണ് ഇവരെ ഉള്‍പ്പെടുത്തുക. വരുംദിവസങ്ങളില്‍ ഇടതു സഹയാത്രികര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് കൊച്ചിയില്‍ യുഡിഎഫ് ഏകോപന സമിതിയോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് യുഡിഎഫ് അടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഘടകകക്ഷികളെ എത്തിക്കുന്നത്. അതേസമയം, ജോസ് കെ.മാണിയുടെ കേരള കോണ്‍ഗ്രസ് (എം)നെ സംബന്ധിച്ച് ചര്‍ച്ചകളൊന്നും ഉണ്ടായില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നതെങ്കിലും ചര്‍ച്ച ഉണ്ടായെന്നും ജോസഫ് വിഭാഗം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നുമാണ് വിവരം. കാത്തിരിക്കാം എന്ന തീരുമാനമാണ് യുഡിഎഫ് നേതൃത്വം ഇക്കാര്യത്തില്‍ പൊതുവെ സ്വീകരിച്ചിരിക്കുന്നത് എന്നാണു സൂചന.

അസോഷ്യേറ്റ് അംഗങ്ങളായവരെ യുഡിഎഫ് യോഗങ്ങളിലേക്കു ക്ഷണിക്കുമെന്നും ഉഭയകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും സതീശന്‍ വ്യക്തമാക്കി. കൂടുതല്‍ പാര്‍ട്ടികള്‍ മുന്നണിയിലേക്കു വന്ന് വലിയ രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി യുഡിഎഫ് മാറും. ഇടതുപക്ഷ സഹയാത്രികരായിരുന്ന പലരും യുഡിഎഫുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഉപാധികളില്ലാതെയാണ് 3 പാര്‍ട്ടികളെയും യുഡിഎഫിന്റെ ഭാഗമാക്കിയിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളുടേയും മറ്റും അടിസ്ഥാനത്തില്‍ പരിശോധിച്ച് അടുത്ത ഘട്ടത്തില്‍ ഘടകകക്ഷിയാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

കഴിഞ്ഞ 3 പതിറ്റാണ്ടിനിടയിലെ ഉജ്ജ്വല ജയമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉണ്ടായതെന്ന് ഏകോപന സമിതി യോഗം വിലയിരുത്തിയതായി സതീശന്‍ പറഞ്ഞു. കേരളത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള പ്രധാന പരിപാടികളുമായി മുന്നോട്ടു പോകും. സംസ്ഥാന സര്‍ക്കാരിനെതിരായ അതിശക്തമായ ജനവികാരം പ്രതിഫലിച്ചു. യുഡിഎഫിന്റെയും ഘടകകക്ഷികളുടേയും സംഘടനാപരമായ മുന്നൊരുക്കങ്ങള്‍ വിജയത്തിന് കാരണമായി. യുഡിഎഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. അത് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കണമെന്ന് നിര്‍ദേശം നല്‍കിയതായി സതീശന്‍ പറഞ്ഞു. ഫെബ്രുവരി ആദ്യ വാരം മുതല്‍ യുഡഡിഎഫിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് മാര്‍ച്ച് നടത്താനും തീരുമാനമായി. സിപിഎം, ബിജെപി തുടങ്ങിയവയുമായി ഒരു തരത്തിലുമുള്ള പ്രാദേശിക സര്‍ക്കാരുണ്ടാക്കാനോ ധാരണയുണ്ടാക്കാനോ പാടില്ലെന്ന് കര്‍ശനമായ നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, കേരള കാമരാജ് കോണ്‍ഗ്രസിനെ യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കിയെന്ന റിപ്പോര്‍ട്ട് വിഷ്ണുപുരം ചന്ദ്രശേഖരന്‍ നിഷേധിച്ചു. താന്‍ എന്‍ഡിഎ വൈസ് ചെയര്‍മാനാണ്. യുഡിഎഫില്‍ ചേരാന്‍ കാമരാജ് കോണ്‍ഗ്രസ് അപേക്ഷ നല്‍കിയിട്ടില്ല. എന്‍ഡിഎയില്‍ അതൃപ്തിയുണ്ടെങ്കിലും അത് പരിഹരിക്കാനറിയാമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.