യുജിസി നിയന്ത്രണം സര്‍വകലാശാല സ്വയംഭരണം ദുര്‍ബലമാക്കുന്നു:മുഖ്യമന്ത്രി

കൊച്ചി സര്‍വകലാശാലയില്‍ തുടങ്ങിയ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

author-image
Prana
New Update
cm

യു.ജി.സി. ചട്ടങ്ങള്‍ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന സ്വകാര്യ സര്‍വകലാശാലകള്‍ പൊതു സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും ഇത് യു.ജി.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരും യുജിസിയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഈ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സമീപനം സ്വീകരിക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി സര്‍വകലാശാലയില്‍ തുടങ്ങിയ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരഞ്ഞെടുക്കപ്പെട്ട നിയമസഭകള്‍ രൂപീകരിച്ച നിയമങ്ങള്‍ക്കനുസൃതമായാണ് സംസ്ഥാന സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ യു.ജി.സിയുടെ നിയന്ത്രണങ്ങള്‍ ഈ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാരും യുജിസിയും ഇത്തരം നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍വകലാശാലകളുടെ സ്വയംഭരണത്തെയും സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങളെയും മാനിക്കുകയും വേണം. അധ്യാപക നിയമനങ്ങള്‍ക്കോ സമാനമായ കാര്യങ്ങള്‍ക്കോ മിനിമം യോഗ്യതകള്‍ സ്ഥാപിക്കുന്നതില്‍ !എതിര്‍പ്പില്ല. അത്തരം നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുകയും ചെയ്യുന്നു. യു. ജി. സി ഈ രീതിയില്‍ അതിന്റെ അതിരുകള്‍ ലംഘിക്കുന്നത് സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും യുജിസിയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഈ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു സമീപനം സ്വീകരിക്കുന്നത് ആശങ്കാജനകവും നിരാശാജനകവുമാണ്. സംസ്ഥാന സര്‍വകലാശാലകളുടെ സ്വയംഭരണത്തിന് ഭീഷണിയാകുന്ന ഏറ്റവും പുതിയ യു. ജി. സി നിയന്ത്രണങ്ങളാണ് ഇതിന് ഒരു പ്രധാന ഉദാഹരണം. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാക്കുകയും വ്യത്യസ്ത പഠന വെല്ലുവിളികള്‍ നേരിടുന്ന പഠിതാക്കളെ ഉള്‍ക്കൊള്ളുകയും ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഗോളവല്‍ക്കരണത്തിന്റെ പുത്തന്‍ യുഗത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമാണുള്ളത്.ഈ പ്രാധാന്യം മനസ്സിലാക്കിയാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭാവി രൂപപ്പെടുത്തുന്നതിനായി ഇത്തരത്തില്‍ ഒരു കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

 

ugc university chief minister pinarayi vijayan