യുജിസി കരട് ചട്ടത്തിലെ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് നടന്ന ദേശീയ കൺവെൻഷനിൽ പാസാക്കിയ കരട് ചട്ടം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പ്രധാനമന്ത്രിയുടെയും കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു, കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.സി സുധാകർ, തമിഴ്നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഗോപി ചെഴിയാൻ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. അക്കാദമിക കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട സംവിധാനമായ യു.ജി.സി ഭരണപരമായ കാര്യങ്ങളിൽ ഇടപ്പെടുന്നത് ശരിയല്ല. ഗ്രാമീണ മേഖലകളിലടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ച് അടിസ്ഥാന സൗകര്യങ്ങളും സ്കോളർഷിപ്പുകളും അനുവദിച്ചാണ് സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നത്. വൈസ് ചാൻസലറെ തീരുമാനിക്കുന്ന കമ്മിറ്റികളിലടക്കം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ആവശ്യമില്ല എന്ന നിർദേശം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. കേരളം, തമിഴ്നാട്, കർണാടക, സംസ്ഥാനങ്ങൾ കരട് ചട്ടങ്ങൾക്കെതിരായ അഭിപ്രായം പ്രകടിപ്പിച്ചുകഴിഞ്ഞു. പഞ്ചാബ്, ഛത്തീസ്ഗഡ് ഈ വിഷയത്തിലെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ഹൈദരാബാദിൽ നടക്കുന്ന ദേശീയ കൺവെൻഷനിൽ കൂടുതൽ സംസ്ഥാന ഗവൺമെന്റുകൾ യു.ജി.സി കരട് ചട്ടത്തിനെതിരായ നിലപാട് പ്രകടിപ്പിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രിമാർ പറഞ്ഞു. വ്യവസായ ഭരണ നേതൃത്വങ്ങളിൽനിന്നുള്ളവർ വൈസ് ചാൻസർമാരാകാമെന്ന നിർദേശം അക്കാദമിക നിലവാരത്തെ ഇല്ലാതാക്കും. ഭരണഘടനാപരമായും ജനാധിപത്യപരമായുമാകണം ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കേണ്ടതെന്നും മന്ത്രിമാർ പറഞ്ഞു.
യുജിസി കരട് ചട്ടം പിൻവലിക്കുന്നതിനുള്ള പ്രമേയം കേന്ദ്ര സർക്കാരിനയക്കും
ഗ്രാമീണ മേഖലകളിലടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ച് അടിസ്ഥാന സൗകര്യങ്ങളും സ്കോളർഷിപ്പുകളും അനുവദിച്ചാണ് സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നത്. വൈസ് ചാൻസലറെ തീരുമാനിക്കുന്ന കമ്മിറ്റികളിലടക്കം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ആവശ്യമില്ല
New Update