ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവില്‍; വലവിരിച്ച് പൊലീസ്

ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

author-image
Biju
New Update
deepak2

കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണത്തെത്തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. 

ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. 

ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്.

സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടതില്‍ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ ദീപക് മാനസികമായി തകര്‍ന്നിരുന്നുവെന്ന് സുഹൃത്തുക്കളും മൊഴി നല്‍കിയിട്ടുണ്ട്.