എറണാകുളം കലൂര്‍ സ്‌റ്റേഡിയത്തില്‍ എംഎല്‍എ ഉമാ തോമസിന് അപകടമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ അഞ്ചു പേരെ പ്രതി ചേര്‍ത്തു. മൃദംഗതാളം സിഇഒ നിഗോഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി. ഷമീര്‍, ജനീഷ്, കൃഷ്ണകുമാര്‍, ബെന്നി എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രതിപ്പട്ടിക ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അശാസ്ത്രീയമായിട്ടാണ് വേദി നിര്‍മിച്ചത് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിമന്റ് കട്ടകള്‍ വെച്ചാണ് കോണ്‍ക്രീറ്റില്‍ വേദി ഉറപ്പിച്ചത്. സ്‌റ്റേജിലുള്ളവര്‍ക്ക് അപകടം കൂടാതെ നടക്കാന്‍ വഴിയില്ലാത്തവിധമാണ് കസേരകള്‍ ക്രമീകരിച്ചത്. കോര്‍പറേഷനില്‍ നിന്നടക്കം കൃത്യമായ അനുമതി വാങ്ങാതെയാണ് താല്‍ക്കാലിക സ്‌റ്റേജ് നിര്‍മിച്ചത്. ഫയര്‍ഫോഴ്‌സില്‍ നിന്നും നിയമപരമായ അനുമതി വാങ്ങിയില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും പൊലീസ് പറയുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫോറം ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും തികഞ്ഞ ലാഘവത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നുമാണ് പ്രസിഡന്റ് ഡിജോ കാപ്പന്‍ പരാതിയില്‍ ആരോപിക്കുന്നത്. ഉത്തരവാദികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറിക്കുള്ള പരാതിയില്‍ പറയുന്നു.
അതേസമയം, പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നു ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. ശ്വാസകോശത്തിലെ അണുബാധ കുറച്ച് വെന്റിലേറ്റക്‌റില്‍ നിന്നും മാറ്റാന്‍ കഴിയുമോ എന്നതില്‍ പരിശോധന തുടരുക ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഉമ തോമസ് അപകടം: കേസില്‍ അഞ്ച് പേരെ പ്രതി ചേര്‍ത്തു
മൃദംഗതാളം സിഇഒ നിഗോഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി. ഷമീര്‍, ജനീഷ്, കൃഷ്ണകുമാര്‍, ബെന്നി എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍.
New Update