കൊച്ചി: ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യസ്ഥിതി കൂടുതൽ മെച്ചപ്പെട്ടു. ചതവ് മൂലം ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന റിയാക്‌ടീവ് പ്ളൂറൽ എഫ്യൂഷൻ എന്ന അവസ്ഥയുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ല. കഴിയുന്നത്ര വേഗം വെന്റിലേറ്ററിൽ നിന്ന് നീക്കാനാണ് ശ്രമമെന്ന് റിനൈ മെഡിസിറ്റി അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടും കാർഡിയോ തൊറാസിക്,വാസ്‌കുലർ ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യസ്ഥിതി വിലയിരുത്തി. ന്യൂറോസർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഫിലിപ്പ് ഐസക്,എറണാകുളം മെഡിക്കൽ കോളേജിലെ പൾമണോളജി വിഭാഗം പ്രൊഫസർ ഡോ. വേണുഗോപാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് സംഘവുമായി ആശയവിനിമയം നടത്തി. അപകടനില പൂർണമായും തരണം ചെയ്‌തിട്ടില്ലെങ്കിലും പുരോഗതിയുണ്ടെന്ന് മകൻ വിഷ്‌ണു തോമസ് പറഞ്ഞു.