ഉമ തോമസ് വെന്റിലേറ്ററില്‍; തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും പരിക്ക്

വാരിയെല്ല് പൊട്ടി ശ്വാസകോശത്തില്‍ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരിക്കുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ നടത്തില്ലെന്നും ഡോക്ടര്‍മാര്‍

author-image
Punnya
New Update
UMA THOMAS.

ഉമ തോമസ് എംഎല്‍എ

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ 15 അടി ഉയരമുള്ള വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ ഉമ തോമസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ അടക്കം പരിശോധനകള്‍ക്ക് ശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തില്‍ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരിക്കുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ നടത്തില്ലെന്നും കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസകോശത്തില്‍ രക്തം കയറിയിട്ടുണ്ട്. ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരുക്കേറ്റിട്ടുണ്ട്. ബോധം, പ്രതികരണം, ഓര്‍മ്മ എന്നിവയെയെല്ലാം ബാധിക്കാവുന്ന മുറിവുകളാണ്. പെട്ടെന്ന് ഭേദമാകുന്ന പരിക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി സജി ചെറിയാനും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടക്കം ആശുപത്രിയിലെത്തിയിട്ടുണ്ട്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്. പരിപാടി ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎല്‍എ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായി പോകുമ്പോള്‍ കാല്‍ വഴുതി താഴേക്ക് വീണുവെന്നാണ് മനസിലാക്കുന്നത്. ഇവിടെ സ്ഥാപിച്ച താല്‍ക്കാലിക ബാരിക്കേഡ് ബലമുള്ളതായിരുന്നില്ല. താഴെ കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ച് വീണ എംഎല്‍എയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തലയിലെ പരിക്കില്‍ നിന്ന് രക്തം വാര്‍ന്നുപോയിട്ടുണ്ട്. തലക്കകത്ത് ആന്തരിക രക്തസ്രാവം ഉണ്ടായെന്നും രക്തം കട്ടപിടിച്ചെന്നും സംശയമുണ്ട്. പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ ട്രോമ കെയറിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

dance perfomance kaloor stadium Uma Thomas MLA