കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്

കോണ്‍ക്രീറ്റില്‍ തലയടിച്ചാണ് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എംഎല്‍എയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം

author-image
Punnya
New Update
UMA THOMAS

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്. തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഉമ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ക്രീറ്റില്‍ തലയടിച്ചാണ് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എംഎല്‍എയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുറിവില്‍ നിന്ന് രക്തം വാര്‍ന്നുപോയെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. കലൂര്‍ സ്റ്റേഡിയത്തില്‍ 12000 ഭരതനാട്യ നര്‍ത്തകര്‍ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എംഎല്‍എ. താല്‍ക്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയില്‍ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് എംഎല്‍എ വീണുവെന്നാണ് മനസിലാക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎല്‍എ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോള്‍, ഗാലറിയില്‍ താല്‍ക്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.

 

dance perfomance kaloor stadium Uma Thomas MLA