/kalakaumudi/media/media_files/2024/11/22/465JW8QoVRSK2snxuTbl.jpg)
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്റെ പുനര്‍ നിര്‍മ്മാണത്തിന് ആദ്യ കേന്ദ്ര സഹായം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതി 260.56 കോടി രൂപയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയില്‍നിന്നും അനുവദിച്ചത്. 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതേസമയം, ബിജെപി ഭരണത്തിലുള്ള അസമിന് 1270 കോടി അനുവദിച്ചിട്ടുണ്ട്.
ഒരു വര്‍ഷത്തിലധികം നീണ്ട മുറവിളികള്‍ക്കൊടുവിലാണ് വയനാടിന് പ്രത്യേക കേന്ദ്ര സഹായം ലഭിച്ചിരിക്കുന്നത്. വയനാട്ടിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം പ്രത്യേകമായി അനുവദിക്കുന്ന ആദ്യ സഹായമാണിത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയിലുണ്ടായ ദുരന്തത്തില്‍ തകര്‍ന്നതിന്റെ പുനര്‍ നിര്‍മ്മാണത്തിനായാണ് 260.56 കോടി രൂപ അനുവദിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തലവനായുള്ള ഉന്നതാധികാര സമിതി ദേശീയ ദുരന്ത ലഘൂകരണ നിധിയില്‍നിന്നും 9 സംസ്ഥാനങ്ങള്‍ക്കായി ആകെ 4645.60 കോടിയാണ് അനുവദിച്ചത്. എന്നാല്‍, 2022 ല്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ അസമിന് 1270.788 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് പിഡിഎന്‍എയായി കേരളം ആവശ്യപ്പെട്ടത് 2221 കോടിയാണ്. ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രമാണ് ഇപ്പോള്‍ അനുവദിച്ച തുക. ദുരന്തമുണ്ടായി 14 മാസത്തിന് ശേഷമാണ് പ്രത്യേക ധനസഹായമായി തുക അനുവദിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പയായി 529.50 കോടി രൂപ അനുവദിച്ചിരുന്നു.
ജൂലൈയില്‍ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 153 കോടിയും അനുവദിച്ചു. അതേസമയം, ഉത്തരാഖണ്ഡിന് 1658.17 കോടിയും, ഹിമാചല്‍ പ്രദേശിന് 2006.40 കോടിയും നേരത്തെ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു, വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്ത്വത്തില്‍ യുഡിഎഫ് എംപിമാര്‍ അമിത് ഷായെ നേരില്‍ കണ്ടും ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാല്‍, കാര്യമായ നടപടികളുണ്ടായില്ല. പ്രധാനമന്ത്രി നേരില് കണ്ട് ബോധ്യപ്പെട്ടിട്ടും വയനാട് ദുരന്ത ബാധിതരെ അവഗണിക്കുകയാണെന്ന വിമര്‍ശനം കേരള സര്‍ക്കാറും, പ്രതിപക്ഷവും ആവര്‍ത്തിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ നടപടി.