6 മത്സ്യഗ്രാമങ്ങളിൽ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള പദ്ധതി -കേന്ദ്ര മന്ത്രി

മത്സ്യത്തൊഴിലാളികൾക്ക് ആധുനിക സംവിധാനത്തോടെ ബോട്ടുകൾ നിർമ്മിച്ചു നൽകുകയും പരിശീലനം സാധ്യമാക്കുകയും ചെയ്യും. 200 നോട്ടിക്കൽ മൈൽ ദൂരവും മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗപ്പെടുത്താനുള്ള സൗകര്യം ഒരുക്കും

author-image
Prana
New Update
gk

gk Photograph: (PRD)

കണ്ണൂര്‍: സംസ്ഥാനത്തെ ആറ് മത്സ്യഗ്രാമങ്ങളിൽ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ ഫിഷിംഗ് വില്ലേജ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തലശ്ശേരി കോടിയേരി സ്മാരക നഗരസഭ ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി .
ഐ എസ് ആർ ഒ യുമായി ചേർന്ന് ഒരു ലക്ഷം ബോട്ടുകളിൽ ട്രാൻസ്‌പോണ്ടറുകൾ ഘടിപ്പിക്കുന്ന പദ്ധതി വ്യാപിപ്പിക്കുമെന്ന് കേന്ദ്ര സഹമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വവും ആശയവിനിമയ സാധ്യതയും കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ആധുനിക സംവിധാനത്തോടെ ബോട്ടുകൾ നിർമ്മിച്ചു നൽകുകയും പരിശീലനം സാധ്യമാക്കുകയും ചെയ്യും. 200 നോട്ടിക്കൽ മൈൽ ദൂരവും മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. മത്സ്യ സമ്പത്തിന്റെ കാര്യത്തിൽ രാജ്യം ഒന്നാം സ്ഥാനത്തെത്താനാണ് ശ്രമിക്കുന്നത്. ഫിഷറീസ് മേഖലയിൽ സർക്കാർ ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തിൽ കോരളം മുൻപന്തിയിൽ ആണെന്നും ഹാർബറുകൾ ഭാവിയിൽ കൂടുതൽ ജനസൗഹൃദമാക്കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. ഗുണഭോക്താക്കൾക്കുള്ള ഐസ് ബോക്‌സ് വിതരണവും ധനസഹായ വിതരണവും അദ്ദേഹം നിർവഹിച്ചു.
ചാലിൽ ഗോപാലപേട്ട ഫിഷ് മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനം മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. മത്സ്യബന്ധന മേഖലയിലെ ജനങ്ങളുടെ സമഗ്ര വികസനമാണ് പുതിയ പദ്ധതികൾകൊണ്ട് സാധ്യമാകുന്നതെന്നും പദ്ധതികളുടെ നിർവഹണ പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ അധ്യക്ഷനായിരുന്നു. എൻ.എഫ്.ഡി.പി. രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം തലശ്ശേരി നഗരസഭാ ചെയർപേഴ്‌സൻ ജമുനാ റാണി ടീച്ചർ നിർവഹിച്ചു. ഫിഷറീസ് ഡയറക്ടർ സഫ്ന നസറുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഫിഷറീസ് വകുപ്പ് ഗവ. സ്പെഷ്യൽ സെക്രട്ടറി ബി. അബ്ദുൾ നാസർ, തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ എം.വി ജയരാജൻ, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ രവി, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തു, ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ എം.എ മുഹമ്മദ് അൻസാരി, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ പി.സഹദേവൻ, കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ചീഫ് എൻജിനീയർ ടി.വി ബാലകൃഷ്ണൻ, വാർഡ് കൗൺസിലർമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

union minister