ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകുക എക്കാലത്തെയും ആഗ്രഹം: സുരേഷ്‌ഗോപി

വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമായതിന് പിന്നില്‍ തന്റെ ഇടപെടലാണെന്നും സുരേഷ് ഗോപി പറഞ്ഞു. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിഴിഞ്ഞം തുറമുഖം കേരളത്തിന് നല്‍കിയാല്‍ ജീവിതകാലം മുഴുവന്‍ അടിമയായിരിക്കുമെന്നാണ് താന്‍ പറഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു

author-image
Biju
New Update
suresh

തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കാനാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇത്രയുമേയുള്ളു തന്റെ ആഗ്രഹം. അതിനപ്പുറം ഒന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കലാകൗമുദി സ്ഥാപക പത്രാധിപര്‍ എംഎസ് മണി അനുസ്മരണവും കലാകൗമുദി അമ്പതാം വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. 

വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമായതിന് പിന്നില്‍ തന്റെ ഇടപെടലാണെന്നും സുരേഷ് ഗോപി പറഞ്ഞു. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിഴിഞ്ഞം തുറമുഖം കേരളത്തിന് നല്‍കിയാല്‍ ജീവിതകാലം മുഴുവന്‍ അടിമയായിരിക്കുമെന്നാണ് താന്‍ പറഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം എങ്ങനെ യഥാര്‍ത്ഥ്യമായെന്ന് മോദി പുസ്തകം എഴുതിയാല്‍ അതില്‍ പ്രധാനപ്പെട്ട ഒരാള്‍ താനായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. 'കേന്ദ്ര ബജറ്റിനെ പറ്റി നുണകള്‍ എഴുതി മാധ്യമങ്ങള്‍ ചര്‍ച്ച വഴി തിരിച്ചുവിട്ടു. ഇവരോട് എനിക്ക് പറയാനുള്ളത് ഇരുപതാം നൂറ്റാണ്ട് സിനിമയില്‍ മോഹന്‍ലാല്‍ എന്നോട് പറഞ്ഞതാണ് എനിക്ക് വഴങ്ങുന്ന കുറച്ച് ആളുകളുണ്ട് കേരളത്തില്‍. അവര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് 2014 ല്‍ പ്രധാനമന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കലാകൗമുദി മാനേജിങ് ഡയറക്ടര്‍ സുകുമാരന്‍ മണി അധ്യക്ഷനായ ചടങ്ങില്‍ ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുംഭാഗാനന്ദ, പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍,സംവിധായകനും എഴുത്തുകാരനും നിരൂപകനുമായ വിജയകൃഷ്ണന്‍, ഉണ്ണി ബാലകൃഷ്ണന്‍ (ഏഷ്യാനെറ്റ് ന്യൂസ്), ജി. സുരേഷ് കുമാര്‍ (ചലച്ചിത്രനിര്‍മ്മാതാവ്, നടന്‍, വൈസ് ചെയര്‍മാന്‍ ജനം ടിവി), ഭാഗ്യലക്ഷ്മി (ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്), കെ.വി മധു (എഡിറ്റര്‍, ന്യൂസ് അറ്റ് ഹൗസ്) എന്നിവര്‍ സംസാരിച്ചു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകളെ കലാകൗമുദി പുരസ്‌കാരം നല്‍കി ആദരിച്ചു. 

സി.സി സുരേഷിന് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരവും, പ്രമോദ് എമ്മിന് മികച്ച സാമൂഹിക സാംസ്‌കാരിക അവാര്‍ഡും, ശ്യാം പ്രകാശിന് തന്ത്ര ശ്രേഷ്ഠ പുരസ്‌കാരവും ദേവസ്യ ദേവഗിരിക്ക് കര്‍മ്മ ജ്യോതി പുരസ്‌കാരവും സുനിത സുധാകരന് ജ്യോതിഷശ്രേഷ്ഠ പുരസ്‌കാരവും നിരഞ്ജന ഐപിഎച്ച്എമ്മിന് സ്പിരിച്വല്‍ എക്‌സലന്‍സ് അവാര്‍ഡും പ്രമോദ് പുഷ്‌കരന് ശ്രേഷ്ഠ മാനവസേവ പുരസ്‌കാരവും സ്മിനീഷ് പള്ളിയിലിന് യുവ സംരംഭക അവാര്‍ഡും സമ്മാനിച്ചു.