/kalakaumudi/media/media_files/2024/10/16/feGDxGPbpMHyAbLiDJST.jpg)
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ഓഫിസിനു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഓഫിസില്‍ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിലും തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിലും സുരേഷ് ഗോപിക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് നീക്കം. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് ഓഫിസിനു സുരക്ഷ ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.എസ്.സുനില്‍കുമാറും രംഗത്തെത്തിയിരുന്നു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നാണ് ഇരു മുന്നണികളുടെയും ആരോപണം. വിജയിച്ച സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചു. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന പട്ടികയില്‍ ഇവരുടെ പേരുകളില്ല. ഇവര്‍ സ്ഥിരതാമസക്കാരല്ല എന്നതിന്റെ തെളിവാണിതെന്നും ടാജറ്റ് ആരോപിച്ചിരുന്നു.
അതിനിടെ സുരേഷ് ഗോപിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സുരേഷ്‌ഗോപിയെ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തശേഷം മണ്ഡലത്തില്‍ കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു പിന്നില്‍ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.