/kalakaumudi/media/media_files/2024/11/08/VfOrE5vDJlJE8V7e6Ief.jpeg)
തിരുവനന്തപുരം: പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതി (കേരള എംപവര്‍മെന്റ് സൊസൈറ്റി)യിലെ ഫയലുകള്‍ കാണാനില്ല. ഉന്നതിയുടെ സാമ്പത്തിക ഇടപാടുകള്‍, പദ്ധതിനിര്‍വഹണം, പരിശീലനം, വിദേശപഠനം എന്നിവ സംബന്ധിച്ചുള്ള രേഖകള്‍, കരാറുകള്‍, ധാരണാപത്രങ്ങള്‍ എന്നിവയടക്കമുള്ള ഫയലുകളാണ് കാണാതായത്.
ഉന്നതിയുടെ പ്രവര്‍ത്തനംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് അഡീഷണല്‍ സെക്രട്ടറി ഡോ. എ. ജയതിലക് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികജാതി-വര്‍ഗ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്ത് ഉന്നതി സി.ഇ.ഒ. ആയിരുന്ന കാലത്തെ ഗുരുതരമായ വീഴ്ചകളാണ് റിപ്പോര്‍ട്ടിലുള്ളത്.
2023 മാര്‍ച്ച് 16-ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ ഉന്നതിയുടെ സി.ഇ.ഒ.യായി നിയമിച്ച് ഉത്തരവിറക്കി. ഗോപാലകൃഷ്ണന് ഔദ്യോഗികമായി ചുമതല കൈമാറാനോ, രേഖകള്‍ കൈമാറാനോ അതുവരെ സി.ഇ.ഒ. ആയിരുന്ന പ്രശാന്ത് തയ്യാറായില്ല. ഗോപാലകൃഷ്ണന് ചുമതല ഏറ്റെടുക്കാനുള്ള അനുമതിനല്‍കി ഏപ്രില്‍ 29-ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയാണുണ്ടായത്.
രേഖകള്‍ ലഭിക്കണമെന്നുകാണിച്ച് പ്രശാന്തിന് കത്തുനല്‍കി. രണ്ടുമാസത്തിനുശേഷം രണ്ടു കവര്‍ മന്ത്രിയുടെ ഓഫീസില്‍ എത്തിച്ചു. മേയ് 13 മുതല്‍ ജൂണ്‍ ആറുവരെ ഗോപാലകൃഷ്ണന്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാലാണ് രേഖകള്‍ കൈമാറാന്‍ കഴിയാതെപോയതെന്ന് വിശദീകരിക്കുകയും ചെയ്തു. എന്നാല്‍, ഈ കവറിലും ഉന്നതിയുടെ പ്രധാനരേഖകളൊന്നും ഉണ്ടായിരുന്നില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
