/kalakaumudi/media/media_files/2025/11/27/utsavam-elepha-2025-11-27-08-05-29.jpg)
കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രീശ ക്ഷേത്രത്തിലെ ഉത്സവക്കൊടിയിറക്ക് ആനപ്പുറത്തിരുന്ന ആളുടെ ദേഹത്ത് മറ്റൊരു ആനപ്പുറത്തിരുന്ന ആളുടെ തഴ തട്ടിയതിനെത്തുടർന്ന് ഇന്നലെ മൂന്ന് മണിക്കൂറോളം വൈകി. രാത്രി 7.30ന് ഇറക്കേണ്ടിയിരുന്ന ഉത്സവക്കൊടി രാത്രി 11നാണ് ഇറക്കിയത്. അശുദ്ധിയുണ്ടായെന്ന് ആരോപിച്ച് ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ നടത്തേണ്ടി വന്നതിനാലാണ് ഈ വൈകൽ. തന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു ശുദ്ധിക്രിയകൾ നടന്നത്.
കോലം വഹിക്കുന്ന ആനപ്പുറത്ത് ബ്രാഹ്മണരെ മാത്രമാണ് ഈ ക്ഷേത്രത്തിൽ അനുവദിക്കുന്നത് . ഇന്നലെ വൈകിട്ട് നടന്ന 15 ആനകളുടെ എഴുന്നള്ളത്തിൽ ഗജരാജൻ മീനാട് വിനായകനാണ് കോലം വഹിച്ചത്. വലതുവശത്തുനിന്ന പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയുടെ പുറത്തിരുന്ന ആളുടെ പക്കലുണ്ടായിരുന്ന തഴയാണ് മറിഞ്ഞ് വിനായകന്റെ മുകളിലിരുന്നയാളെ സ്പർശിച്ചത്. പൂർണത്രയീശ ക്ഷേത്രത്തിൽ മാത്രമാണ് വടിയിൽ തുണികൊണ്ട് അലങ്കാരപ്പണിചെയ്ത തഴ ആനപ്പുറത്ത് ഉപയോഗിക്കുന്നത്. ശ്രീക്കുട്ടൻ ആനയുടെ പുറത്ത് തഴയുമായി ഇരുന്നയാൾ ഉറങ്ങിപ്പോയതാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. ഇയാളും ബ്രാഹ്മണനാണ്. തമിഴ് ബ്രാഹ്മണനായതാണ് പ്രശ്നമായതെന്നാണ് പറയപ്പെടുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ഇയാൾ എങ്ങനെ ആനപ്പുറത്ത് കയറിയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉപദേശക സമിതിഅംഗങ്ങളും മറ്റുചിലരും ചേർന്ന് ദേവസ്വംബോർഡിന് പരാതി നൽകിയിട്ടുണ്ട്. ക്ഷേത്രത്തിലെ ജാതിഭ്രാന്തിന്റെ പുതിയ ഉദാഹരണമാണിതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
