തിരുവനന്തപുരം:മണിയാർ കരാർ നീട്ടുന്നതിൽ സർക്കാർ തലത്തിലെ ഭിന്നത പുറത്ത്.കരാർ നീട്ടുന്നതിനോട് വൈദ്യുതി വകുപ്പിന് താൽപ്പര്യമില്ലെന്ന്മന്ത്രി കെ കൃഷ്‌ണൻ കുട്ടി വ്യക്തമാക്കി.എന്നാൽ കരാർ നീട്ടണമെന്ന നിലപാടാണ് വ്യവസായവകുപ്പിനുള്ളത്.വ്യവസായവകുപ്പിന്റെ ഈ നിലപാടിനോടുള്ള എതിർപ്പ് പരസ്യമാക്കിയിരിക്കുകയാണ് മന്ത്രി കെ കൃഷ്‌ണൻ കുട്ടി.പ്രതിപക്ഷം മുന്നേ തന്നെ ഈ കരാറിൽ അഴിമതി ആരോപിച്ചിരുന്നു.ഇതോടെ സർക്കാരിന്റെ അന്തിമ തീരുമാനം എന്ത് തന്നെയായാലും അത് നിർണ്ണായകമായിരിക്കും.
കരാർ കാലാവധി തീർന്ന മണിയാർ പദ്ധതിയുടെ നിയന്ത്രണാവകാശം കാർബൊറാണ്ടം യൂണിവേഴ്സൽ കമ്പനിയ്ക്ക് നല്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ധാരണയായത്.എന്നാൽ മണിയാർ പദ്ധതി ഏറ്റെടുക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ ആവശ്യമെന്നു മന്ത്രി വ്യക്തമാക്കി. വൈദ്യുതി ബോർഡിന്റെ ഈ ആവശ്യം തള്ളിയാണ് കരാർ നീട്ടാനുള്ള നീക്കം.വ്യവസായ ശാലകൾ കൊണ്ടുവരാൻ കരാർ നീട്ടണമെന്ന് ശക്തമായി വാദിക്കുകയാണ് വ്യവസായ മന്ത്രി.
ഭിന്ന നിലപാട് വൈദ്യുതി മന്ത്രി പരസ്യമാക്കുമ്പോഴും കാർബൊറാണ്ടം യൂണിവേഴ്സൽ കമ്പനിയ്ക്ക് കരാർ നീട്ടി നൽകുന്നതിനോടാണ് മുഖ്യമന്ത്രിക്ക് താല്പര്യം എന്നാണ് റിപ്പോർട്ട്.മണിയാർ മോഡൽ അംഗീകരിച്ചാൽ സമാന നിലയിലുള്ള മറ്റ് പദ്ധതികളിലെ കരാറുകളും നീട്ടണമെന്ന ആവശ്യവും സർക്കാരിന് പരിഗണിക്കേണ്ടി വരും.എൻടിപിസിയും മറ്റ് സ്വകാര്യ കമ്പനികളും ഇതിനോടകം സർക്കാരിനെ സമീപിച്ച് കഴിഞ്ഞു.
കാർബൊറാണ്ടത്തിനു കരാർ നീട്ടിനൽകണം എന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്.ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രിയാണ്.അതേസമയം വൈദ്യുതി ചാർജ് വർദ്ധന ഇനി വേണ്ടിവരില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.ദീർഘകാല കരാർ റദ്ധാക്കിയത് പുനഃസ്ഥാപിക്കാൻ സുപ്രീം കോടതിയെ സമീപിച്ചു.വാദം പൂർത്തിയായി.അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.വിധി പ്രതികൂലമെങ്കിൽ മാത്രം ചാർജ് വർദ്ധനവിനെ കുറിച്ച് ആലോചനയുള്ളുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി മന്ത്രി നിലപാട് വ്യകത്മാക്കിയതോടെ കരാർ നീട്ടലിലെ അഴിമതി വ്യക്തമായെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.