റിപ്പോർട്ട് ഇത്രയുംകാലം സർക്കാർ പുറത്തുവിടാതിരുന്നത് ആരെ രക്ഷിക്കാനാണ്?- ചോദ്യമുന്നയിച്ച് വി.ഡി. സതീശൻ

പോക്സോ കേസ് അടക്കം എടുക്കാനുള്ള ക്രിമിനൽ കുറ്റങ്ങൾ റിപ്പോർട്ടിൽ ഉണ്ട്. കുറ്റക്കാർക്കെതിരേ അടിയന്തരമായി നടപടി എടുക്കണം. ഏത് തൊഴിൽ മേഖലയിലും ഇത്തരത്തിൽ ചൂഷണം നടക്കാൻ പാടില്ല- വി.ഡി. സതീശൻ പറഞ്ഞു.

author-image
Vishnupriya
New Update
vd
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഹേമ കമ്മിഷൻ റിപ്പോർട്ടിനെ കുറിച്ച് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുപോലെ ഞെട്ടിക്കുന്ന ഒരു റിപ്പോർട്ട് പുറത്തുവിടാതെ നാലര വർഷക്കാലം സർക്കാർ അതിനുമേൽ അടയിരുന്നത് ആരെ രക്ഷിക്കാനാണെന്നും വി.ഡി. സതീശൻ ചോദിച്ചു.

സ്ത്രീപക്ഷ വർത്തമാനം മാത്രം പറയുന്ന ആളുകൾ അധികാരത്തിലിരിക്കുമ്പോൾ ഇത്രമാത്രം വലിയ സ്ത്രീവിരുദ്ധത നടന്നിട്ട് അതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. റിപ്പോർട്ട് പുറത്തുവിടാതിരുന്നത് ആരെ രക്ഷിക്കാനാണ്? ആർക്കുവേണ്ടിയാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകണം. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിനും ക്രിമിനൽ വത്കരണത്തിനും ലഹരി ഉപയോഗങ്ങൾക്കുമെതിരായ അന്വേഷണം നടക്കണം. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികള്‍ മുതിർന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘത്തെ വെച്ച് അന്വേഷിക്കണം. ലൈംഗിക ചൂഷണം നടത്തിയത് എത്ര വലിയ ഉന്നതനായാലും നിയമത്തിന്റെ മുമ്പിൽ കൊണ്ടും വരേണ്ടത് സർക്കാരിന്റെ ചുമതലയാണ്. പോക്സോ കേസ് അടക്കം എടുക്കാനുള്ള ക്രിമിനൽ കുറ്റങ്ങൾ റിപ്പോർട്ടിൽ ഉണ്ട്. കുറ്റക്കാർക്കെതിരേ അടിയന്തരമായി നടപടി എടുക്കണം. ഏത് തൊഴിൽ മേഖലയിലും ഇത്തരത്തിൽ ചൂഷണം നടക്കാൻ പാടില്ല- വി.ഡി. സതീശൻ പറഞ്ഞു.

vd satheeshan hema committee report