/kalakaumudi/media/media_files/2025/11/19/vinu-2025-11-19-15-49-01.jpg)
കൊച്ചി: കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയും സംവിധായകനുമായ വി.എം. വിനുവിന് ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചോദ്യംചെയ്ത് വി.എം. വിനു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സെലിബ്രറ്റിയായതുകൊണ്ട് യാതൊരു പ്രത്യേകതയുമില്ലെന്നും വിഷയത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വി.എം. വിനുവിന് മത്സരിക്കാനാകില്ല.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സെലിബ്രറ്റികള്‍ക്കും സാധാരണ പൗരന്മാര്‍ക്കും ഒരേനിയമമാണ്. സെലിബ്രറ്റിയായതുകൊണ്ട് യാതൊരു പ്രത്യേകതയുമില്ലെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വൈഷ്ണ സുരേഷിന്റെ കേസ് വ്യത്യസ്തമാണ്. കരട് വോട്ടര്‍പട്ടികയില്‍ വൈഷ്ണയുടെ പേരുണ്ടായിരുന്നു. പിന്നീടാണ് വെട്ടിയത്. എന്നാല്‍, ഈ കേസില്‍ അങ്ങനെ പറയാന്‍ പറ്റില്ല. 2020-ലെ വോട്ടര്‍പട്ടികയിലും വിനുവിന്റെ പേരില്ലായിരുന്നു. അതിനാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. സെലിബ്രറ്റികള്‍ നാട്ടിലെ കാര്യങ്ങളൊന്നും അറിയാറില്ലേയെന്നും പത്രം വായിക്കാറില്ലേയെന്നും കോടതി ചോദിച്ചു.
താന്‍ മേയര്‍ സ്ഥാനാര്‍ഥിയാണെന്നും താന്‍ ജയിക്കുമെന്ന് കണ്ട് ഭരിക്കുന്ന പാര്‍ട്ടി പേര് വെട്ടിയതാണെന്നുമാണ് വി.എം. വിനു കോടതിയില്‍ വാദിച്ചത്. എന്നാല്‍, വോട്ടര്‍പട്ടികയില്‍ പേരുണ്ടോ ഇല്ലയോ എന്ന് നോക്കാതെയാണോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്നതെന്നും ഇതൊക്കെ ശ്രദ്ധിക്കേണ്ടെയെന്നും കോടതി ചോദിച്ചു.
കോഴിക്കോട് കോര്‍പ്പറേഷനിലെ കല്ലായി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് വി.എം. വിനുവിനെയാണ്. എന്നാല്‍, കഴിഞ്ഞദിവസമാണ് വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് കണ്ടെത്തിയത്. 2020-ലെ വോട്ടര്‍പട്ടികയിലും വിനുവിന്റെ പേരുണ്ടായിരുന്നില്ല. അതേസമയം, 2020-ലെ തിരഞ്ഞെടുപ്പില്‍ മലാപ്പറമ്പ് ഡിവിഷനില്‍ താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു വിനുവിന്റെ വാദം. എന്നാല്‍, രേഖകള്‍വെച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത് പൂര്‍ണമായും തള്ളിക്കളഞ്ഞിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
