കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എംപുരാന് എന്തിന്? :മന്ത്രി വി ശിവന്‍കുട്ടി

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് മുന്‍ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് സെന്‍സര്‍ ചെയ്യുമെന്ന ധാര്‍ഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്

author-image
Biju
New Update
sd

തിരുവനന്തപുരം: കേരളത്തെ അപകീര്‍ത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട 'ദ കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിമന്ത്രി വി ശിവന്‍കുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് മുന്‍ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് സെന്‍സര്‍ ചെയ്യുമെന്ന ധാര്‍ഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിര്‍ക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് എംപുരാന്‍ സിനിമയില്‍ ചില ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ ധാരണയായിരുന്നു. 17ലേറെ മാറ്റങ്ങള്‍ എംപുരാനില്‍ ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും. എംപുരാന്‍ സിനിമ റിലീസായതിനു പിന്നാലെ നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബര്‍ ആക്രമണങ്ങളും ശക്തമായിരുന്നു.