/kalakaumudi/media/media_files/2025/08/20/biju-2025-08-20-14-37-58.jpg)
തിരുവനന്തപുരം: പേവിഷ പ്രതിരോധ വാക്‌സീന്‍ ലോബി കേരളത്തിലും സജീവമാണെന്നും തെരുവുനായ പ്രശ്നം നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമാണെന്നും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍. എബിസി നിയമം ഉപയോഗിച്ചു തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ പ്രഗത്ഭരായ അഭിഭാഷകര്‍ വാദിച്ച്, കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതായി എന്ന രീതിയിലാണ് എബിസി നിയമമെന്നും സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ബിജു പ്രഭാകര്‍ പറഞ്ഞു. നായകളെ ഷെല്‍ട്ടറിലേക്കു മാറ്റുന്നത് പ്രായോഗികമല്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും ബിജു പ്രഭാകര്‍ ചൂണ്ടിക്കാട്ടി.
നായയുടെ കടി കൊള്ളുന്ന ജനങ്ങള്‍ക്കു വേണ്ടി വാദിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മാത്രമേ ഉള്ളൂവെന്നും മറ്റൊരു അഭിഭാഷകനെയും സര്‍ക്കാരുകള്‍ വച്ചിട്ടില്ലെന്നും ബിജു പ്രഭാകര്‍ ചൂണ്ടിക്കാട്ടി. കോടിക്കണക്കിനു രൂപ വാക്‌സീന്‍ ലോബിയുടെ കൈയില്‍നിന്നു വാങ്ങിയിട്ടാണ് കേരളത്തിലെ പലരും പ്രവര്‍ത്തിക്കുന്നെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. പ്രശ്‌നം അനുഭവിക്കുന്ന ഭൂരിപക്ഷത്തിനെതിരെ കുറച്ചുപേര്‍ വക്കീലന്മാരെ കൊണ്ടുവന്ന് എബിസി നിയമമാണ് ഇതു പരിഹാരമെന്ന് വാദിപ്പിക്കുകയാണ്. എന്നാല്‍ അത് തെറ്റാണെന്നും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എബിസി നിയമം മൃഗങ്ങളുടെ ജനനനിയന്ത്രണത്തിലുള്ളതാണ്. അതുപയോഗിച്ചു തെരുവുനായ ശല്യം മാറ്റാന്‍ കഴിയില്ലെന്നും വന്ധ്യംകരണവും പരിഹാരമാര്‍ഗമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സീന്‍ ലോബിയുടെ ആവശ്യമാണ്. 2400 കോടിയോളം രൂപയുടെ വാക്‌സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നുണ്ടെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.