വൈക്കത്ത് ഇനി വടക്കുപുറത്തു പാട്ടു കാലം

വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വടക്കുപുറത്തു പാട്ടിന് ബുധനാഴ്ച്ച തുടക്കമായി.പന്ത്രണ്ടാം നാള്‍ 64 കൈകളോടും കൂടിയ, സര്‍വ്വായുധങ്ങളുമേന്തിയ ഭഗവതിയുടെ വിശ്വരൂപം ആലേഖനം ചെയ്യപ്പെടുന്നു.

author-image
Akshaya N K
Updated On
New Update
vp

vp

വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വടക്കുപുറത്തു പാട്ടിന് ബുധനാഴ്ച്ച തുടക്കമായി. കൊടുങ്ങല്ലൂര്‍ ഭഗവതിയെ സങ്കല്പിച്ച് പന്ത്രണ്ടു ദിവസം പഞ്ചവര്‍ണ്ണ പൊടികളാല്‍ ദേവിയുടെ കളം വരയ്ക്കുകയും, കളം പാട്ടു നടത്തുകയും ചെയ്യുന്നു. അവസാന ദിവസം വടക്കുപുറത്ത് ഗുരുതിയോടെ ചടങ്ങുകള്‍ സമാപിക്കും.

കളമെഴുത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ വടക്കേ ഊട്ടുപുരയുടെ അടുത്തായി 1400 ചതുരശ്ര അടിയില്‍ തീര്‍ക്കുന്ന നെടുംപുരയിലാണ് കളമെഴുത്തും പ്രത്യേക പൂജകളും നടക്കുന്നത്. ഇതിനുള്ളില്‍ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍നിന്നും കൊണ്ടുവന്ന വാളും ദര്‍ശനത്തിനായി വച്ചിട്ടുണ്ട്.

രാജഭരണകാലത്ത് വടക്കുംകൂര്‍ ദേശത്ത് പടര്‍ന്നുപിടിച്ച വസൂരിയെ നിയന്ത്രിക്കാനാകാതെ വന്നപ്പോള്‍ അന്നത്തെ രാജാവ് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വന്നു 41 ദിവസം ഭജനമിരുന്നു. 41-ാം ദിവസം കൊടുങ്ങല്ലൂര്‍ ഭഗവതി സ്വപ്‌നത്തില്‍ വന്നു പറഞ്ഞ പ്രകാരമാണ് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ കൊടുങ്ങല്ലൂര്‍ മീനഭരണി കഴിഞ്ഞ് അടുത്ത ദിവസം മുതല്‍ കളംപാട്ടും, ഗുരുതിയുംആരംഭിച്ചതെന്ന്‌ ഐതീഹ്യം പറയുന്നു.

ഇവിടെയെഴുതുന്ന ഭഗവതിക്കളത്തിന് ചില സവിശേഷതകള്‍ ഉണ്ട്. പഞ്ചവര്‍ണ്ണപൊടികളാല്‍ ആലേഖനം ചെയ്യുന്ന കളത്തില്‍ ആദ്യ നാലു ദിവസങ്ങളില്‍ 8 കൈകളോടു കൂടിയ ഭഗവതി രൂപവും, അഞ്ചു
 മുതല്‍ എട്ടാം ദിവസം വരെ 16 കൈകളും, ഒമ്പതു മുതല്‍ പതിനൊന്നാം ദിവസം വരെ 32 കൈകളും, അവസാനമായ പന്ത്രണ്ടാം നാള്‍ 64 കൈകളോടും കൂടിയ, സര്‍വ്വായുധങ്ങളുമേന്തിയ ഭഗവതിയുടെ വിശ്വരൂപം ആലേഖനം ചെയ്യപ്പെടുന്നു. ഉച്ചപ്പാട്ടോടെ ആരംഭിക്കുന്ന കളമെഴുത്തിന് ആചാര്യനാണ് മേല്‍നോട്ടം വഹിക്കുന്നത്. അദ്ദേഹത്തിനു കീഴില്‍ ഇരുപതോളം പേര്‍ ചേര്‍ന്നാണ് ഇത്രയും വലിയ കളം ആലേഖനം ചെയ്യുന്നത്.

വടക്കുപുറത്തു പാട്ടിനു പുറമെ ക്ഷേത്രത്തില്‍ കോടിയര്‍ച്ചനയും നടക്കുന്നുണ്ട്. 

vaikom mahadeva temple kodungaloor amma Kodungallur Bhagavathy Temple kodungalloor vadakkupurathu patt