/kalakaumudi/media/media_files/2024/12/02/DI1VX8JHHkmggH5Jllew.jpg)
വളപട്ടണം:കണ്ണൂർ വളപട്ടണം മന്നയിൽ അരി മൊത്തവ്യാപാരി കെ പി അഷ്‌റഫിന്റെ വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.അഷ്‌റഫിന്റെ അയൽവാസി ലിജീഷിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.ലിജീഷ് കണ്ണൂർ കീച്ചേരിയിൽ കഴിഞ്ഞ വർഷം നടന്ന ഒരു മോഷണ കേസിലും പ്രതിയാണെന്ന് പോലീസ്. അന്ന് പൊലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.അഷ്‌റഫിന്റെ വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളമാണ് ഈ കേസിൽ വഴിത്തിരിവായത്.
മോഷണ മുതലായ ഒരു കോടി രൂപയും 300 പവനും ലിജേഷിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.ലിജീഷ് വെൽഡിങ് തൊഴിലാളിയാണ് തന്റെ തൊഴിൽ വൈവിധ്യം ഉപയോഗിച്ചാണ് പ്രതി മോഷണം നടത്തിയത് .കഴിഞ്ഞ മാസം 20 നായിരുന്നു അഷ്‌റഫിന്റെ വീട്ടിൽ മോഷണം നടന്നത്.കിടപ്പുമുറിയിലെ ലോക്കർ തകർത്താണ് മോഷണം നടത്തിയത്.പോലീസ് പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
സ്വന്തം വീടിനുള്ളിലെ കട്ടിലിനടിയിലെ പ്രത്യേക അറയിലാണ് പ്രതി സ്വർണ്ണവും പണവും ഒളിപ്പിച്ചത്.അഷ്‌റഫിന്റെ വീട്ടിൽ മോഷണം നടത്തിയതിനു ശേഷം രണ്ടാം ദിവസവും ലിജീഷ് അവിടെ ബാക്കിയുള്ള സ്വർണ്ണവും പണവും എടുക്കാൻ എത്തിയിരുന്നു ഇതാണ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലിജീഷ് പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു. ലിജീഷ് മോഷണം നടത്തുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.റൂറൽ എസ് പി അനൂജ് പലിവാളിന്റെയും കണ്ണൂർ സിറ്റി എസ് പി ടി കെ രത്നകുമാറിന്റെയും നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.