കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത് അമൂല്യ നിധി ശേഖരമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. കണ്ടെത്തിയ നാണയങ്ങളും ആഭരണങ്ങളും പുരാതനവും അമൂല്യവുമാണെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കി. നിധി എഡി 1826ന് ശേഷം കുഴിച്ചിട്ടതാണെന്നാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ.
കണ്ടെത്തിയ നിധി ശേഖരത്തിലുണ്ടായിരുന്ന ആഭരണം വെനീഷ്യൻ ഡക്കാറ്റ് സ്വർണം ഉപയോഗിച്ച് നിർമ്മിച്ചതാണ്. നിധി ശേഖരത്തിലെ കാശിമാലയാണ് വെനീഷ്യൻ ഡക്കാറ്റ് സ്വർണം ഉപയോഗിച്ച് നിർമ്മിച്ചത്. ഇതോടൊപ്പം വീരകായൻ പണം, ആലി രാജയുടെ കണ്ണൂർ പണം, ഇന്തോ-ഫ്രഞ്ച് നാണയങ്ങളും പുതുച്ചേരി നാണയങ്ങളും ശേഖരത്തിലുണ്ട്.
പുരാവസ്തു വകുപ്പ് ഇവയുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. പരിപ്പായിൽ ചെങ്ങളായി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് മഴക്കുഴി നിർമ്മാണത്തിനിടെ നിധി ശേഖരം ലഭിച്ചത്.