കൊച്ചി : കാറ്ററിംഗ് തൊഴിലാളികളുമായി പോവുകയായിരുന്ന വാൻ തടിലോറിയിലിടിച്ച് വാൻ ഡ്രൈവർ മരിച്ചു. വാനിലുണ്ടായിരുന്ന 18 സ്ത്രീകൾക്ക് പരിക്കേറ്റു. പാലക്കാട് കിഴക്കഞ്ചേരി എലവുംപാടം പാരിജാൻ മൻസിൽ അബ്ദുൾ മജീദ് (58) ആണ് മരിച്ചത്. ഒരാളുടെ നില ഗുരുതരം. ഇന്നലെ പുലർച്ചെ മൂന്നോടെ അങ്കമാലി എം.സി റോഡിൽ മിനി ഇൻഡസ്ട്രീസിന് സമീപമായിരുന്നു അപകടം.
തടിക്കഷ്ണങ്ങൾ കയറ്റി പെരുമ്പാവൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയിൽ റാന്നിയിൽ വിവാഹചടങ്ങിൽ സദ്യ വിളമ്പാൻ പോയി മടങ്ങി വരികയായിരുന്ന കാറ്ററിംഗ് തൊഴിലാളികളുടെ വാൻ ഇടിക്കുകയായിരുന്നു. ലോറിയിൽ നിന്ന് പുറത്തേയ്ക്ക് തള്ളി നിന്നിരുന്ന തടിക്കഷ്ണങ്ങളിലേക്ക് വാൻ ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ഉടൻ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തും മുമ്പ് അബ്ദുൾ മജീദ് മരിച്ചു. വടക്കുഞ്ചേരി മുടപ്പല്ലൂർ സ്വദേശിനികളായ ജലജ ശിവരാമൻ(45), സിന്ധു കൃഷ്ണൻകുട്ടി (35), ടോണിപാടം സ്വദേശിനികളായ അനിത ചന്ദ്രൻ(34), വിജി ബാബു(42), മംഗലം സ്വദേശിനി ജയന്തി ഗോപാലകൃഷ്ണൻ(35) എന്നിവരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ജലജയുടെ നില ഗുരുതരമാണ്. എം. സന്ധ്യ (35), ധന്യ പ്രിയ (38), മിനി ഉദയൻ (39), സി. സജിത (34), ഉഷ (45), റീന (39), എം.സജിത (38), രജിത (42), ഗീത (35), സ്മിഷ (41), ശാരദ (48), സന്ധ്യ (39) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവർ ആശുപത്രി വിട്ടു. നിലമ്പൂരുള്ള കാറ്ററിംഗ് ഏജൻസിയാണ് ഇവരെ സദ്യ വിളമ്പാൻ ഏർപ്പാടാക്കിയത്. അപകടത്തിൽ മരിച്ച അബ്ദുൾ മജീദിന്റെ ഭാര്യ: സെമീന (അദ്ധ്യാപിക, എ.യു.പി. സ്‌കൂൾ തൃപ്പണല്ലൂർ). മക്കൾ: മിൻസിയ, റിൻസിയ, ഷാഹിന. മരുമക്കൾ: ബാസിദ് (ദുബായ്), റാഷിദ്.