കോട്ടയം: നഗരങ്ങൾക്കിടയിൽ മികച്ച യാത്ര ഉറപ്പാക്കുന്ന വന്ദേ മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം ചെന്നൈയിൽ വിജയകരമായി പൂർത്തിയായതോടെ കേരളത്തിലേക്കും വരുമെന്ന് പ്രതീക്ഷ. 12 കോച്ചുകളുള്ള ട്രെയിൻ 120 കിലോമീറ്റർ വരെ വേഗത്തിലാണു ചെന്നൈയിൽ ഓടിച്ചത്. പൂർണമായും എയർകണ്ടീഷൻ ചെയ്ത വന്ദേ മെട്രോയുടെ ആദ്യ സർവീസ് മുംബൈയിലായിരിക്കും. പുതിയ വന്ദേ മെട്രോ കോച്ചുകളുടെ നിർമാണം പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുരോഗമിക്കുകയാണ്. നഗരങ്ങൾക്കിടയിൽ 150 മുതൽ 200 കിലോമീറ്റർ വരെ ദൂരമുള്ള റൂട്ടുകളിൽ മെമു ട്രെയിനുകൾക്കു പകരം വന്ദേ മെട്രോ ഉപയോഗിക്കാനാകും.
കേരളത്തിൽ 10 വന്ദേ മെട്രോ സർവീസുകൾ ആരംഭിക്കുമെന്നാണു പ്രതീക്ഷ. സാധ്യതയുള്ള റൂട്ടുകളിൽ ചിലത് ഇവയാണ്
∙എറണാകുളം-കോഴിക്കോട്
∙ കോഴിക്കോട്-മംഗലാപുരം
∙ തിരുവനന്തപുരം-എറണാകുളം
മെമുവിൻ്റെ പരിഷ്‌കരിച്ച രൂപമാണ് വന്ദേ മെട്രോ. ഓരോ കോച്ചിലും 200 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. ഓട്ടോമാറ്റിക് വാതിലുകൾ, മെച്ചപ്പെട്ട ടോയ്‌ലറ്റ് സൗകര്യങ്ങൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ലോകോത്തര സൗകര്യങ്ങൾ ട്രെയിൻ വാഗ്ദാനം ചെയ്യുന്നു.
നഗര ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ വികസനം ഇന്ത്യൻ റെയിൽവേയുടെ ഒരു പ്രധാന ചുവടുവയ്പായി കണക്കാക്കപ്പെടുന്നു. വന്ദേ മെട്രോയുടെ വിജയകരമായ പരീക്ഷണ ഓട്ടം മറ്റ് നഗരങ്ങളിൽ ഇത്തരം കൂടുതൽ സേവനങ്ങൾക്ക് വഴിയൊരുക്കുമെന്നാണു കരുതുന്നത്. പ്രത്യേക സോണുകളിലേക്കുള്ള മെട്രോയുടെ വിഹിതം സംബന്ധിച്ച തീരുമാനങ്ങൾ വൈകാതെ തീരുമാനിക്കും.