കാടുംമേടും താണ്ടിയുള്ള ജീപ്പ് യാത്രയ്ക്ക് ഇനി വാഴൂര്‍ സോമന്‍ ഇല്ല

1978 ലാണ് ആദ്യമായി വാഴൂര്‍ സോമന്‍ ജീപ്പ് സ്വന്തമാക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ ജീപ്പായിരുന്നു അത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്ന് പീരുമേട്ടിലെ തോട്ടം മേഖലകളിലൂടെയുള്ള സഞ്ചാരമെല്ലാം ആ ജീപ്പിലായിരുന്നു

author-image
Biju
New Update
soman

ഇടുക്കി: ജീപ്പിലെ യാത്ര ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. പ്രത്യേകിച്ച് ഹൈറേഞ്ചുകാര്‍ക്ക് ജീപ്പ് എന്നുപറഞ്ഞാല്‍ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അങ്ങനെ കാടുംമേടും താണ്ടി ജീപ്പില്‍ വരുന്നൊരു എംഎല്‍എയുണ്ട് അതായിരുന്നു ഹൈറേഞ്ചുകാര്‍ക്ക് വാഴൂര്‍ സോമന്‍. 

അത്യാധുനിക സംവിധാനമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങുമ്പോഴും സോമന് എന്നും പ്രണയം ജീപ്പിനോടായിരുന്നു. ജീപ്പുമായുള്ള ഇദ്ദേഹത്തിന്റെ ആത്മബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പീരുമേട് എംഎല്‍എ ആയിരുന്ന സി.എ. കുര്യന്റെ സഹായത്തോടെ 1978 ലാണ്  ആദ്യമായി വാഴൂര്‍ സോമന്‍ ജീപ്പ് സ്വന്തമാക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ ജീപ്പായിരുന്നു അത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്ന് പീരുമേട്ടിലെ തോട്ടം മേഖലകളിലൂടെയുള്ള സഞ്ചാരമെല്ലാം ആ ജീപ്പിലായിരുന്നു. 1991 മെയ് ഇരുപത്തിയൊന്നാം തീയതി  വണ്ടിപ്പെരിയാറില്‍ നടന്ന ഒരു പൊതുയോ?ഗത്തില്‍ വാഴൂര്‍ സോമന്റെ സഹപ്രവര്‍ത്തകന്‍ ഒരു വിവാദ പ്രസംഗം നടത്തിയിരുന്നു. 

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെയും രാജീവ് ഗാന്ധിയുടെയും ശവപ്പെട്ടിയിലെ അവസാന ആണിയാണെന്നായിരുന്നു പ്രസംഗത്തിലെ വിവാദ പരാമര്‍ശം. അന്നു രാത്രി തമിഴ് പുലികളുടെ ചാവേര്‍ ആക്രമണത്തില്‍ ശ്രീപെരുംപുത്തൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളില്‍ വാഴൂര്‍ സോമന്റെ ജീപ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. അത്രമേല്‍ പ്രിയപ്പെട്ട ആ ജീപ്പ് നഷ്ടമായതിന്റെ സങ്കടം ഇന്നും പീരുമേടിന്റെ നേതാവിനുള്ളിലുണ്ട് . പിന്നീട് 2006-ല്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആയി സ്ഥാനമേറ്റതിതെ തുടര്‍ന്നാണ് ഇപ്പോള്‍ കൈവശമുള്ള ഈ മഹീന്ദ്ര മേജര്‍ സ്വന്തമാക്കിയത്.

മലയിറങ്ങി തലസ്ഥാനത്തേക്കുള്ള എംഎല്‍എയുടെ യാത്രയും ഈ ജീപ്പില്‍ തന്നെ. നിയമസഭയിലേക്ക് ജീപ്പോടിച്ചെത്തുന്ന എംഎല്‍എയെ കൗതുകത്തോടെയാണ് എല്ലാവരും കാണുന്നതെന്ന് വാഴൂര്‍ സോമന്‍ പറഞ്ഞിട്ടുണ്ട്. 

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നാണ് വാഴൂര്‍ സോമന്‍ 1986ല്‍ ഇന്റര്‍നാഷണല്‍ ലൈസന്‍സ് സ്വന്തമാക്കുന്നത്. മഞ്ഞിലൂടെ വണ്ടിയോടിക്കാന്‍ പ്രത്യേക പരിശീലനവും അക്കാലത്ത് റഷ്യയില്‍ നിന്നു നേടി. ഏതുവാഹനവും തനിക്കു തരപ്പെടുമെന്നും പക്ഷെ ജീപ്പിനോളം പ്രിയമുള്ള മറ്റൊരു വാഹനമില്ലെന്നും വാഴൂര്‍ സോമന്‍ പറയുന്നു. പീരുമേട്ടിലും എംഎല്‍എയുടെ ജീപ്പ് യാത്ര ഹിറ്റാണ്. 4X4 ആയതിനാല്‍ ഈ ജീപ്പിന് ആരാധകരേറെയാണ്. പീരുമേട്ടിലെ എല്ലായിടങ്ങളിലുമെത്തി എല്ലാവരെയും കാണാന്‍ ജീപ്പില്ലാതെ കഴിയില്ലെന്നായിരുന്നു വാഴൂര്‍ സോമന്റെ പക്ഷം.

തങ്ങളുടെ എംഎല്‍എ ജീപ്പില്‍ തലസ്ഥാനത്തേക്ക് പായുന്ന കഥ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പീരുമേടുകാര്‍ പങ്കുവയ്ക്കുന്നത്.  1978-ല്‍ ആദ്യ ജീപ്പ് സ്വന്തമാക്കുമ്പോള്‍ അഞ്ച് ലീറ്റര്‍ പെട്രോള്‍ അടിക്കാന്‍ വെറും 20 രൂപയാണ് ചെലവായിരുന്നത്. എന്നാല്‍, അത് വര്‍ധിച്ച് ഇന്ന് ചിന്തിക്കാന്‍ കഴിയുന്നതിലും ഉയരത്തില്‍ എത്തിയിരിക്കുകയാണ്. ഒരിക്കല്‍ കാനം രാജേന്ദ്രന്റെ ശ്രദ്ധയില്‍ വാഴൂര്‍ സോമന്റെ ജീപ്പ് യാത്രയെത്തുകയുണ്ടായി. അന്ന് സ്‌നേഹത്തോടെ കാനം ഒരു കത്ത് നല്‍കി, അതിലെഴുതിയിരുന്നത് ഇതാണ്.

'സഖാവെ, ഒരു കാറ് വാങ്ങാനുള്ള അനുമതി പാര്‍ട്ടിയില്‍ നിന്നും തരാം. അതിനുവേണ്ട വായ്പയും തരപ്പെടുത്താം. മുണ്ടക്കയത്തിനപ്പുറത്തേക്ക് ഇനി ഈ ജീപ്പുമായി വന്നേക്കരുത്.' 

അങ്ങനെ പാര്‍ട്ടിയെയും നാട്ടുകാരെയും പോലെ തന്നെ ജീപ്പിനെയും സ്‌നേഹിച്ച സോമന്‍ ഇനി ജീപ്പ് ഓടിച്ച് മലതാണ്ടിയെത്തില്ല.

vazhoor soman