വഴുതക്കാട്ടെ വാഹനാപകടം ;മണിയൻ പിള്ള രാജു അറസ്റ്റിൽ

ഒരു ചടങ്ങു കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ബൈക്ക് വളരെ വേഗത്തിൽ കാറിൽ വന്നിടിക്കുകയായിരുന്നു. രണ്ടു വർഷമായി മദ്യപിക്കാറില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു

author-image
Devina
New Update
maniyanpilla

തിരുവനന്തപുരം: വഴുതക്കാടുണ്ടായ വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.30 ന് മണിയൻപിള്ള രാജു പൊലീസ് സ്റ്റേഷനിൽ ഹാജരായി. നടനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി.

തനിക്ക് ചിക്കൻ​ഗുനിയ ബാധിച്ചിരിക്കുകയാണെന്ന് നടൻ പറഞ്ഞു.നടനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. അലക്ഷ്യമായി വാഹനം ഓടിക്കൽ, പ്രാഥമിക ശുശ്രൂഷ നൽകാതിരിക്കൽ, അപകടമുണ്ടായശേഷം വാഹനം നിർത്താതെ പോയി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

 വൈദ്യപരിശോധനയ്ക്ക് ശേഷം, മദ്യപിച്ചെന്ന് തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കാർ വന്നിടിക്കുകയായിരുന്നുവെന്നും, ഇടിച്ചിട്ട ശേഷം ബൈക്കിനെ കുറേദൂരം കാർ നിരക്കി പോയിയെന്നും പരിക്കേറ്റവർ പറയുന്നു.

ഇന്നലെ രാത്രി 9. 45 ഓടെയാണ് മണിയൻപിള്ള രാജു ഓടിച്ച കാർ രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചത്. ബൈക്ക് യാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ നടൻ മണിയൻപിള്ള രാജുവിന്റേതാണെന്ന് രാത്രി തന്നെ പൊലീസ് കണ്ടെത്തി.

എന്നാൽ രാജുവിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തിയില്ല. അദ്ദേഹത്തിന്റെ സൗകര്യത്തിന് സ്റ്റേഷനിൽ ഹാജരാകാൻ സൗകര്യം ഒരുക്കി കൊടുത്തുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.അപകടത്തെത്തുടർന്ന് ഭയന്നുപോയെന്നും, അതുകൊണ്ടാണ് നിർത്താതെ പോയതെന്നും നടൻ മണിയൻപിള്ള രാജു. താൻ തന്നെയാണ് കാർ ഓടിച്ചിരുന്നത്.

ഒരു ചടങ്ങു കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ബൈക്ക് വളരെ വേഗത്തിൽ കാറിൽ വന്നിടിക്കുകയായിരുന്നു. രണ്ടു വർഷമായി മദ്യപിക്കാറില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.

അപകടത്തെത്തുടർന്ന് നടന്റെ വീട്ടിലെത്തിയപ്പോൾ വീടു പൂട്ടിക്കിടക്കുകയായിരുന്നുവെന്നും, ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു എന്നാണ് നേരത്തെ പൊലീസ് സൂചിപ്പിച്ചിരുന്നത്.ഇന്നലെ രാത്രി വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബിന് സമീപം വെച്ചാണ് അപകടമുണ്ടായത്