വാർഡുകളിലൂടെ ;വഴുതക്കാടിന് വേണം പൊതുമാര്‍ക്കറ്റും എംഎല്‍സിപിയും

വഴുതക്കാട് വാർഡിലെ കുടിവെള്ള പ്രശ്‌നം,തെരുവ് നായ ശല്യം,ഗുരുതര ട്രാഫിക് പ്രശ്‌നം,ട്രെയിനേജ് പൊട്ടിയൊഴുകൽ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോർപ്പറേഷൻ തയ്യാറാകണമെന്നും ആവശ്യമുയരുകയാണ്

author-image
Devina
New Update
vazhutha

തിരുവനന്തപുരം :കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത പുതിയ ബി.ജെ.പി ഭരണസമിതി തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് കൊണ്ടു വരണമെന്നതുൾപ്പെടെ ആവശ്യങ്ങളാണ് വഴുതക്കാട് കൗൺസിലർ അഡ്വ.രാഖി രവികുമാർ മുന്നോട്ടു വെയ്ക്കുന്നത്.വഴുതക്കാട് വാർഡിലെ കുടിവെള്ള പ്രശ്‌നം,തെരുവ് നായ ശല്യം,ഗുരുതര ട്രാഫിക് പ്രശ്‌നം,ട്രെയിനേജ് പൊട്ടിയൊഴുകൽ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോർപ്പറേഷൻ തയ്യാറാകണമെന്നും ആവശ്യമുയരുകയാണ്. 
ആകാശവാണിയും, പ്രശസ്തമായ പെൺപള്ളിക്കൂടം കോട്ടൺഹിൽ, വിമൻസ് കോളേജ്, 
സംസ്ഥാന പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ്, പൊലീസ് ക്വാർട്ടേഴ്‌സ് മന്ദിരങ്ങൾ,സ്റ്റേറ്റ സർവേ ഡിപ്പാർട്ടുമെന്റ് ഉൾപ്പെടെ പൈതൃക പാരമ്പര്യമുള്ള ഒട്ടേറെ കലാസാംസ്‌കാരിക കേന്ദ്രങ്ങളും കാഴ്ച,കേൾവി,മാനസിക വൈകല്യമുള്ളവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന പ്രദേശമാണ് വഴുതക്കാട്.

ടാഗോർ തിയേറ്റർ, ട്രിവാൻഡ്രം ക്ലബ്, ശ്രീമൂലം ക്ലബ്,സുബ്രഹ്‌മണ്യം ഹാൾ,കേരള വനം വകുപ്പ് ആസ്ഥാനം, ഏഴ് നൂറ്റാണ്ട് പഴക്കമുള്ള ശ്രീ മഹാഗണപതി ക്ഷേത്രം,സാനഡു,റോസ് ഹൗസ് തുടങ്ങി മന്ത്രി മന്ദിരങ്ങൾ, ഫൈവ് സ്റ്റാർ ഹോട്ടൽ ഹയാത്ത് റസിഡൻസി,വിശാലമായ തൈക്കാട് പൊലീസ് ഗ്രൗണ്ട് എന്നിവയെല്ലാം വഴുതക്കാടിന്റെ അലങ്കാരങ്ങൾ തന്നെയാണ്. 
പ്രധാന റോഡുകൾ പലതും സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നന്നാക്കിയെങ്കിലും ഇടറോഡുകളെല്ലാം ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.

ഇത് പരിഹരിക്കാൻ കോർപ്പറേഷനും ലസർക്കാരും മുന്നോട്ടു വരണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. 
കോട്ടൺഹിൽ സ്‌കൂളിനോട് ചേർന്ന ബ്രിട്ടീഷുകാരുടെ കാലത്തെ ചൂതാട്ട മന്ദിരം ഫ്രീ മേസൻസ് ക്ലബ്ബ് (തലവെട്ടി ക്ലബ്ബ്) സർക്കാർ വക ഭൂമിയിലാണ്. ഇത് എഴുപതോളം സെന്റുണ്ട്. മുപ്പത് സെന്റ് ഭൂമിയെങ്കിലും കോർപ്പറേഷന് വിട്ടു കൊടുത്ത് അവിടെ  പൊതു മാർക്കറ്റ് സ്ഥാപിക്കണം. കോട്ടൺഹിൽ സ്‌കൂളിന് മുന്നിലെ മത്സ്യ കച്ചവടക്കാർ,തെരുവ് കച്ചവടക്കാർ എന്നിവരെ ഇങ്ങോട്ട് മാറ്റാം. അതു പോലെ ചിന്മയ സ്‌കൂളിനോടടുത്തെ ഹിന്ദു വനിത സംഘംത്തിന്റെ 75 സെന്റോളം ഭൂമി കാട് കയറി ഉപയോഗ ശൂന്യമായി കിടക്കുന്നത് ഏറ്റെടുത്ത് അവിടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് (എംഎൽസിപി) പണിത് നിലവിൽ വഴുതക്കാടിന്റെ രൂക്ഷമായ പാർക്കിംഗ് പ്രശ്‌നത്തിന് പരിഹാരം കാണണം.

 വിമെൻസ് കോളേജ്,കോട്ടൺഹിൽ സ്‌കൂൾ വിദ്യാർത്ഥിനികൾ,ഒട്ടേറെ സിംഗിൾ വനിത പാരന്റ്‌സ് എന്നിവർ ഒട്ടേറെ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇവർക്കായി വിമൻസ് കോളേജിനുള്ളിൽ തന്നെ ഒരു കൗൺസിലിംഗ് സെന്റർ വന്നാൽ ഒട്ടേറെപ്പേർക്ക് ഗുണകരമാവുമെന്നും അഭിപ്രായമുണ്ട്.  ഡ്രഗ് അഡിക്ഷൻ ഉൾപ്പെടെ മാരക മയക്കുമരുന്നുകൾക്ക് അടിമകളായ യുവതയെ മോചിപ്പിക്കുന്നതിന് വഴുതക്കാട് പൊലീസ് ക്വാർട്ടേഴ്‌സിനുള്ളിൽ ഒഴിഞ്ഞ് ഉപയോഗശൂന്യമായിക്കിടക്കുന്ന സ്ഥലത്ത് റീഹാബിലിറ്റേഷൻ സെന്റർ നിർമ്മിക്കണം.

 അവിടെ വയോജനങ്ങൾക്കും വിധവകൾക്കും സംരക്ഷണ കേന്ദ്രവും ഒരുക്കണം.പാലോട്ടുകോണം,ഉദാരശിരോമണി റോഡിലെ കുറച്ച് ഭാഗം,വെള്ളയമ്പലത്തിനടുത്ത് ആൽത്തറ,ലാൽബാഗ് എന്നിവിടങ്ങളിൽ സ്വീവേജ് ലൈനുകൾ തകരാറിലാണ്. ഇത് എത്രയും വേഗം നന്നാക്കണമെന്ന ആവിശ്യവും മുന്നോട്ട് വെയ്ക്കുന്നുണ്ട് .