വിസി നിമയനം; മുഖ്യമന്ത്രി വന്നിട്ട് ചര്‍ച്ചയാകാം, മന്ത്രിമാരെ തിരിച്ചയച്ച് ഗവര്‍ണര്‍

തര്‍ക്കം തുടരുന്നതില്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കടുത്ത അതൃപ്തി അറിയിച്ചു.

author-image
Biju
New Update
arlekar

തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ വിസി നിയമന തര്‍ക്കത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമാകാതെ പിരിഞ്ഞു. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവര്‍ണറും സര്‍ക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്. 

താന്‍ നിശ്ചയിച്ച വിസിമാര്‍ യോഗ്യരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിലപാടെടുത്തു. ചര്‍ച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്നും ഗവര്‍ണര്‍ മന്ത്രിമാരോട് ആരാഞ്ഞു. മുഖ്യമന്ത്രി മുന്‍ഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവര്‍ണര്‍ മന്ത്രിമാരോട് പറഞ്ഞു.

കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല നിയമന തര്‍ക്കത്തില്‍ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സര്‍ക്കാര്‍ അനുനയ നീക്കത്തിനൊരുങ്ങിയത്. സര്‍വ്വകലാശാലകളിലെ വിസി നിയമനത്തിനായി സര്‍ക്കാരും ഗവര്‍ണ്ണരും മുന്നോട്ട് വെച്ചത് വ്യത്യസ്ത പേരുകളായിരുന്നു. മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്‌ക്കെതിരെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കിയിരുന്നു. 

സാങ്കേതിക സര്‍വകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവര്‍ണറുടെ സത്യവാങ്മൂലത്തിലെ ആവശ്യം. മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാര്‍ത്തകളുടെ പേരില്‍ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വിസി നിയമന കേസില്‍ സുപ്രീംകോടതി കര്‍ശന താക്കീത് നല്‍കിയത്.

തര്‍ക്കം തുടരുന്നതില്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കടുത്ത അതൃപ്തി അറിയിച്ചു. ജസ്റ്റിസ് ധൂലിയ സമിതി നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ സമവായം ഉണ്ടായില്ലെങ്കില്‍ വിസി നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാങ്കേതിക (കെടിയു), ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തിന് സുപ്രീംകോടതി ജസ്റ്റിസ് സുധാന്‍ഷു ധൂലിയ അധ്യക്ഷനായ രണ്ട് സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. 

രണ്ട് സമിതികളും നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയെങ്കിലും നിയമനം നടന്നിരുന്നില്ല. സാങ്കേതിക സര്‍വകലാശാലയിലേക്ക് സി സതീഷ് കുമാറിനെയും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാര്‍ശ. എന്നാല്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രിയ ചന്ദ്രനേയും സാങ്കേതിക സര്‍വകലാശാലയില്‍ സിസ തോമസിനെയും വിസിമാരാക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. ഗവര്‍ണര്‍-മന്ത്രിമാര്‍ കൂടിക്കാഴ്ചയിലും തര്‍ക്കം അവസാനിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ നിലപാടാണ് ഇനി അറിയേണ്ടത്.