/kalakaumudi/media/media_files/EYFoFfbThhYbe1o9pDDq.jpeg)
അഴിമതി ആരോപണത്തില്‍ പിവി അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്ന് ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടി പറഞ്ഞിരുന്നതായി അദ്ദേഹം വയനാട്ടില്‍ പറഞ്ഞു.
നിയമസഭയില്‍ വിഡി സതീശനെതിരെ അഴിമതിയാരോപണം ഉന്നയിച്ചത് പി ശശി ആവശ്യപ്പെട്ട പ്രകാരമാണെന്നും അതില്‍ മാപ്പു പറയുന്നുവെന്നുമായിരുന്നു പി വി അന്‍വര്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് മാപ്പ് സ്വീകരിക്കുകയാണെന്ന് വിഡി സതീശന്‍ പ്രതികരിച്ചത്. അഴിമതിയാരോപണത്തില്‍ അന്ന് മുഖ്യമന്ത്രിക്കാണ് മറുപടി നല്‍കിയതെന്നും സിപിഎമ്മിനും മുഖ്യമന്ത്രിക്കും പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് അന്ന് ആരോപണം ഉന്നയിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു. അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് വിഭാഗീയതയുടെ ബഹിര്‍സ്ഫുരണമാണ്. പാര്‍ട്ടിക്കും മന്ത്രിസഭയില്‍ ഉള്ളവര്‍ക്കും അതില്‍ പങ്കുണ്ട്.
അന്‍വറിന്റെ പിന്തുണയില്‍ യുഡിഎഫും പാര്‍ട്ടിയും ഉചിതമായ തീരുമാനം എടുക്കും. നിലമ്പൂരില്‍ ആര് സ്ഥാനാര്‍ഥിയാകും എന്നത് പാര്‍ട്ടി നടപടിക്രമം അനുസരിച്ച് തീരുമാനം എടുക്കും. അന്‍വറിന്റെ മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടും ഇല്ല തുറന്നിട്ടുമില്ല. നിലമ്പൂരില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. നിലവില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്തിലെ ചില ഭാഗങ്ങളില്‍ വ്യക്തത കുറവുണ്ടായിരുന്നുവെന്നും അതെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചനും എവിടെയാണെന്ന് പാര്‍ട്ടിക്ക് അറിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.