യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം: വി.ഡി സതീശന്‍

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വെള്ളാപ്പള്ളി സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം ആജീവനാന്തം അവിടെ ഇരുന്നോട്ടെ എന്നും സതീശന്‍ പറഞ്ഞു.

author-image
Biju
New Update
vda

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കുമെന്നും ഇതിനു സാധിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 'നിങ്ങള്‍ പിന്നെ എന്നെ കാണില്ല' എന്നാണ് സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞത്.

വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 98 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയാല്‍ താന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പദം രാജിവയ്ക്കാന്‍ തയാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചിരുന്നു. മറിച്ചായാല്‍ സതീശന്‍ പദവികള്‍ രാജിവച്ച് രാഷ്ട്രീയ വനവാസത്തിനു പോകണം, ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു. 98 സീറ്റ് എന്നാണ് വെള്ളാപ്പള്ളി പറഞ്ഞതെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. ''97 വരെ അദ്ദേഹത്തിന് സംശയമില്ല. അദ്ദേഹത്തെ പോലെ പരിണതപ്രജ്ഞനായ ഒരു നേതാവ് യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് സമ്മതിച്ചിട്ടുണ്ട്. കഠിനാധ്വാനം ചെയ്ത് അത് 100നു മുകളില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും സതീശന്‍ പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വെള്ളാപ്പള്ളി സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം ആജീവനാന്തം അവിടെ ഇരുന്നോട്ടെ എന്നും സതീശന്‍ പറഞ്ഞു. തനിക്ക് വെള്ളാപ്പള്ളിയോട് വിരോധമൊന്നുമില്ലെന്നും എന്തുകൊണ്ടാണ് തന്നെക്കുറിച്ച് ഈഴവ വിരോധിയെന്ന് പറഞ്ഞതെന്ന് അറിയില്ലെന്നും സതീശന്‍ പ്രതികരിച്ചു. ആര്‍ക്കുവേണ്ടിയാണ് വെള്ളാപ്പള്ളി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും സതീശന്‍ ചോദിച്ചു. 

വെള്ളാപ്പള്ളിക്ക്് എതിരായി താന്‍ മോശമായ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു. ''ഞാന്‍ ശ്രീനാരായണീയനാണ്, ശ്രീനാരായണ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന, അത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ആളാണ്. എന്നാല്‍ നാട്ടില്‍ ആരെങ്കിലും വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ യുഡിഎഫ് അതിനെ ശക്തമായി നേരിടും. സിപിഎം ഇറക്കുന്നതു പോലുള്ള പ്രസ്താവനകളൊന്നുമായിരിക്കില്ല. ന്യൂനപക്ഷ വര്‍ഗീയത പറഞ്ഞാലും ഭൂരിപക്ഷ വര്‍ഗീയത പറഞ്ഞാലും ഞങ്ങള്‍ എതിര്‍ക്കും. കേരളത്തെ രക്ഷിക്കാനുള്ള പദ്ധതികളു പരിപാടികളും ഞങ്ങളുടെ കയ്യിലുണ്ട്. അത് സമയമാകുമ്പോള്‍ പ്രഖ്യാപിച്ച് ജനങ്ങളെ വിശ്വാസത്തിലെടുത്ത് നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരും'' സതീശന്‍ പറഞ്ഞു.

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും അഹങ്കാരവും ധാര്‍ഷ്ട്യവുമുള്ള പ്രതിപക്ഷ നേതാവാണ് സതീശനെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന സതീശന്റെ പ്രസ്താവനയെ പരിഹസിച്ച വെള്ളാപ്പള്ളി അങ്ങനെയെങ്കില്‍ കാക്ക മലര്‍ന്നു പറക്കുമെന്നും പറഞ്ഞിരുന്നു.

v d satheesan