''എസ്എഫ്‌ഐയുടെ ചോരക്കൊതി മാറുന്നില്ല,പൊലീസിന്റേത് ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാട്'': രൂക്ഷവിമർശനവുമായി വി ഡി സതീശൻ

ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ക്രിമിനലുകൾക്ക് കുട പിടിക്കുന്ന അടിമകളുടെ സംഘമായി കേരള പോലീസ് അധഃപതിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

author-image
Greeshma Rakesh
New Update
vd-satheesan-

vd satheesan against sfi

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം കാമ്പസിലെ ഇടിമുറിയിൽ കെ.എസ്.യു ജില്ലാ ജോയിൻറ്  സെക്രട്ടറിയും കോളേജിലെ എം.എ മലയാളം വിദ്യാർഥിയുമായ സാഞ്ചോസിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ.

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ്എഫ്ഐ ക്രിമിനലുകൾക്ക് ചോരക്കൊതി മാറുന്നില്ല. കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ്എഫ്ഐ കാമ്പസുകളിൽ തുടരുന്നത് ഇനിയും അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

സാഞ്ചോസിനെ മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ എം.എൽ.എമാരായ എം.വിൻസെന്റ്, ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ളവരെ എസ്എഫ്ഐ ക്രിമിനലുകൾ ആക്രമിച്ചു. പൊലീസിന്റെ സംരക്ഷണയിലാണ് എം.എൽ.എമാരെ കയ്യേറ്റം ചെയ്തത്. എന്നിട്ടും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ക്രിമിനലുകൾക്ക് കുട പിടിക്കുന്ന അടിമകളുടെ സംഘമായി കേരള പോലീസ് അധഃപതിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐ സംഘത്തിന്റെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റതിന്റെ പേരിൽ യുഡിഎഫ് എം.എൽ.എമാർക്കും കെഎസ്‍യു പ്രവർത്തകർക്കുമെതിരെ കേസെടുത്തതിലൂടെ പ്രതികൾക്കൊപ്പമാണെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്.പ്രിൻസിപ്പലിന്റെ ചെകിട്ടത്തിടിക്കുകയും അധ്യാപകരുടെ കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എസ്എഫ്ഐ ക്രിമിനൽ സംഘത്തിന് സർക്കാരും പൊലീസുമാണ് സംരക്ഷണമൊരുക്കുന്നതെന്നും വിഡി സതീഷൻ കുറ്റപ്പെടുത്തി.

കൊട്ടേഷൻ- ലഹരിക്കടത്ത് സംഘങ്ങളുടെ തലവൻമാരായ സംസ്ഥാനത്തെ സിപിഎം-ഡിവൈഎഫ്ഐ നേതൃത്വവും നേതാക്കളും തന്നെയാണ് എസ്എഫ്ഐ വിദ്യാർത്ഥികളെയും അധമ വഴികളിലേക്ക് നയിക്കുന്നത്. സിപിഎം നേതൃത്വത്തെ ബാധിച്ച ജീർണതയാണ് അവരുടെ യുവജന വിദ്യാർത്ഥി സംഘടനകളിലും കാണുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

എസ്എഫ്ഐയുടെ നേതൃത്വത്തിൽ കാമ്പസുകളിൽ നടത്തുന്ന ക്രൂരതകൾക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതികരിച്ചു തുടങ്ങിയെന്ന് നേതൃത്വം ഇനിയെങ്കിലും ഓർക്കണം. രക്ഷാപ്രവർത്തനമല്ല കൊടും ക്രൂരതയാണ് എസ്എഫ്ഐ ക്രിമനലുകൾ കാമ്പസുകളിൽ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും മനസിലാക്കണം. ഗുണ്ടാ സംഘങ്ങളെ കാമ്പസിൽ ഇനിയും അഴിച്ചു വിടാനാണ് ഭാവമെങ്കിൽ ശക്തമായ പ്രതിരോധമുണ്ടാകുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

 

police KSU sfi vd satheesan Thiruvananthapuram