തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സിനിമ - സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും കത്ത് നൽകി.
ഇരകൾ നൽകിയ മൊഴികളുടെയും സമർപ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.
കത്തിന്റെ പൂർണ രൂപം;-
മലയാള സിനിമയിൽ സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ദുരനുഭവങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും വെളിപ്പെടുത്തുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യൻ നിയമ വ്യവസ്ഥ പ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്തു വന്നിരിക്കുന്നത്. ഇരകൾ നൽകിയ മൊഴികളുടെയും സമർപ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യർത്ഥിക്കുന്നു.
നിയമ വ്യവസ്ഥയിൽ ക്രിമിനൽ കുറ്റമെന്നത് ഒരു വ്യക്തിക്കെതിരെ മാത്രമല്ല സമൂഹത്തിന് എതിരായ കുറ്റമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നത് നിയമ വ്യവസ്ഥയുടെ ആവശ്യകതയാണ്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ 'സീറോ ടോളറൻസ്' സമീപനമാണ് സർക്കാരിൽ നിന്നും ഉണ്ടാകേണ്ടത്. പോക്സോ ഉൾപ്പെടെ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തിയുള്ള റിപ്പോർട്ട് ഹേമ കമ്മിറ്റി 2019-ൽ സമർപ്പിച്ചിട്ടും അതിൻ മേൽ അന്വേഷണം നടത്താതെ റിപ്പോർട്ട് തന്നെ പൂഴ്ത്തിയ സർക്കാർ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇതു പോക്സോ നിയമപ്രകാരം കുറ്റകരമാണ്. പോക്സോ നിയമപ്രകാരമുള്ള കുറ്റം ചെയ്തെന്ന് അറിഞ്ഞിട്ടും അത് മറച്ചുവയ്ക്കുകയോ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നതും ക്രിമിനൽ കുറ്റമാണെന്നതു സർക്കാർ മറക്കരുത്.
സി.ആർ.പി.സി സെക്ഷൻ 154 പ്രകാരവും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 173 വകുപ്പ് പ്രകാരവും ഒരു 'കോഗ്നിസബിൾ ഒഫൻസ്' വ്യക്തമായാൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. എന്നാൽ ഈ റിപ്പോർട്ടിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ വെളിവായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്ത സർക്കാരിന്റെയും പൊലീസിന്റെയും നടപടി വേട്ടക്കാരെ ചേർത്തു പിടിക്കൽ അല്ലാതെ മറ്റെന്താണ്?
സ്ത്രീകൾക്കെതിരെ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നുവെന്ന് അറിവ് കിട്ടിയിട്ടും നാലര വർഷമായി സർക്കാർ അത് മറച്ചുവച്ചത് ഭാരതീയ ന്യായ സംഹിതയുടെ 199 വകുപ്പ് പ്രകാരം ക്രിമിനൽ കുറ്റമാണെന്നതും അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളും അതിനൊപ്പമുള്ള മൊഴികളും അനുബന്ധമായി ചേർത്തിരിക്കുന്ന പെൻഡ്രൈവുകളും വാട്സാപ് മെസേജുകളും ഉൾപ്പെടെയുള്ള തെളിവുകളുണ്ടായിട്ടും പരാതി ഇല്ലാത്തതിനാൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടും അങ്ങേയറ്റം നിരാശാജനകമാണ്.
ഗുരുതര കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തേണ്ടത് സർക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റാൻ തയാറാകാത്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നത് അങ്ങ് മറക്കരുത്. കേരളത്തിനാകെ അപമാനകരമായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തിര നടപടി സ്വീകരിക്കണം.