കൊടിസുനിക്ക് പരോള്‍ നല്‍കിയ തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതികളെ പേടിച്ചാണ് ഇങ്ങനെ ഒരു തീരുമാനം സിപിഎം എടുക്കുന്നത്. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പുറത്തുവരുമെന്ന ഭയമാണ് സിപിഎമ്മിനെന്നും വിഡി സതീശന്‍ ആരോപിച്ചു.
മനുഷ്യാവകാശ കമ്മീഷന്‍ ഇതില്‍ ഇടപെട്ടിട്ടില്ല. തീരുമാനം സര്‍ക്കാരിന്റേതു മാത്രമാണ്. മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘവുമാണ് ഈ തീരുമാനത്തിന് പിന്നില്‍. സത്യത്തില്‍ ഈ പ്രതികള്‍ സിപിഎമ്മിനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ ജയിലില്‍ കിടന്നുകൊണ്ട് എല്ലാ കള്ളക്കച്ചവടവും നടത്തുന്നുണ്ട്. ജയിലില്‍ കിടക്കുന്ന കൊട്ടേഷന്‍ സംഘമാണ് അവര്‍. സ്വര്‍ണക്കടത്തും മയക്കുമരുന്നും ഉള്‍പ്പടെ എല്ലാ ക്രിമിനല്‍ കേസുകളിലും ഇവര്‍ പങ്കാളികളാണ്. ഇവരെ സിപിഎമ്മിന് പേടിയാണ്. കാരണം ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന എന്താണ് എന്നു പുറത്തുവിടുമെന്നാണ് ഈ പ്രതികള്‍ സിപിഎം നേതാക്കളെ ഭീഷണിപ്പെടുത്തുന്നത്. ആ ഗൂഢാലോചന പുറത്തുവന്നാല്‍ ഇപ്പോള്‍ പുറത്തുകറങ്ങി നടടക്കുന്ന പല സിപിഎം നേതാക്കളും ജയിലിനുള്ളിലാവുമെന്നും വിഡി സതീശന്‍ പറഞ്ഞു.
ടി.പി. വധക്കേസ് പ്രതിയായ കൊടി സുനിയ്ക്ക് പരോള്‍ അനുവദിച്ചതില്‍ ഇതിനകം ഭരണപ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. എന്ത് അടിസ്ഥാനത്തിലാണ് കൊടി സുനിയ്ക്ക് പരോള്‍ അനുവദിച്ചതെന്ന ചോദ്യം ഉയര്‍ത്തി ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെ.കെ.രമ രംഗത്തുവന്നിരുന്നു.
30 ദിവസത്തെ പരോളാണ് സുനിക്ക് അനുവദിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന്റെ കത്ത് പരിഗണിച്ചാണ് ജയില്‍ വകുപ്പിന്റെ നടപടി. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു. ജയിലില്‍ കഴിയുമ്പോള്‍ മറ്റ് കേസുകളില്‍ പ്രതിയായതിനാല്‍ പരോള്‍ നിഷേധിച്ചിരുന്നു. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് ജയില്‍ ഡിജിപി പരോള്‍ അനുവദിച്ചത്.
അതേസമയം കൊടിസുനിയുടെ ആരോഗ്യം മോശമാണെന്നും പരോള്‍ വിവാദമാക്കേണ്ടെന്നും കൊടി സുനിയുടെ കുടുംബം പറഞ്ഞു. മറ്റ് പ്രതികളെ പോലെ സുനിയും പരോളിന് അര്‍ഹനാണെന്ന് കൊടിസുനിയുടെ അമ്മയും പെങ്ങളും പറഞ്ഞു.
പരോള്‍ ലഭിച്ചതോടെ ഡിസംബര്‍ 28ന് തവനൂര്‍ ജയിലില്‍നിന്ന് സുനി പുറത്തിറങ്ങി. പോലീസ് റിപ്പോര്‍ട്ട് എതിരായിട്ടും പരോള്‍ അനുവദിക്കുകയായിരുന്നു. പരോളുമായും സുനി ജയിലില്‍നിന്ന് ഇറങ്ങുന്നതുമായും ബന്ധപ്പെട്ട വിവരം രഹസ്യമാക്കിവെക്കാനായിരുന്നു ജയിലധികൃതരുടെ ശ്രമം.
ടി.പി. വധക്കേസില്‍ മൂന്നാംപ്രതിയാണ് കൊടി സുനി. ഇരട്ട ജീവപരന്ത്യം ശിക്ഷ അനുഭവിക്കേ, ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു, ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു, ജയിലുദ്യോഗസ്ഥരെ മര്‍ദിച്ചു തുടങ്ങിയ കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് സുനിക്ക് പരോള്‍ കൊടുക്കാതിരുന്നത്. വിയ്യൂരിലെ അതിസുരക്ഷാജയിലില്‍ സഹതടവുകാരുമായി ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതോടെയാണ് കൊടി സുനിയെ 2023 നവംബര്‍ ഒന്‍പതിന് തവനൂരിലേക്കു മാറ്റിയത്.