പ്രഖ്യാപിച്ച അന്വേഷണം നടക്കാത്തത് അപമാനകരമെന്ന് വി.ഡി.സതീശന്‍

ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് വേണ്ടി ഗൂഢാലോചന നടത്തി, എ.ഡി.ജി.പിയെ കരുവാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് പൂരം കലക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

author-image
Prana
New Update
VD Satheesan
Listen to this article
0.75x 1x 1.5x
00:00 / 00:00

പൂരം കലക്കിയതില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടന്നില്ലെന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കു തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് വേണ്ടി ഗൂഢാലോചന നടത്തി, എ.ഡി.ജി.പിയെ കരുവാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് പൂരം കലക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
പൂരം കലക്കിയതിനെ കുറിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നത്. ഒരു അന്വേഷണവും നടന്നില്ല എന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് അപമാനമാണ്. രഹസ്യങ്ങള്‍ പുറത്താകുമോയെന്ന ഭയമാണ് മുഖ്യമന്ത്രിയെയും സി.പി.എം നേതൃത്വത്തെയും അലട്ടുന്നത്. അതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടും എ.ഡി.ജി.പി അതേ സ്ഥാനത്ത് ഇരിക്കുന്നതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.
എ.ഡി.ജി.പിക്കെതിരെ വിജിലന്‍സ് അന്വേഷിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഒരു മണിക്കൂറാണ് സംസാരിച്ചത്. അതിനു പിന്നാലെ മറ്റൊരു ആര്‍.എസ്.എസ് നേതാവുമായി തിരുവനന്തപുരത്തും സംസാരിച്ചു. എന്നാല്‍ ഇതേപ്പറ്റി സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ ഭാഗമായി തൃശൂര്‍ പൂരം കലക്കിയത്. തൃശൂരിലെ കമ്മിഷണറെയും അസിസ്റ്റന്റ് കമ്മിഷണറെയും തല്‍സ്ഥാനത്ത് നിന്നും മാറ്റി പൂരം കലക്കിയതിനെ കുറിച്ച് ഡി.ജി.പി അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ അങ്ങനെയൊരു അന്വേഷണം ഇല്ലെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. അപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിക്കുന്ന അന്വേഷണങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്. അദ്ദേഹം ചോദിച്ചു.
പൂരം കലക്കിതിയത് അന്വേഷിച്ചാല്‍ അന്വേഷണത്തിന് ഉത്തരവിട്ട ആള്‍ അടക്കം പ്രതികളാകും. പൂരം കലക്കിയതില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ട്. എ.ഡി.ജി.പിയെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി പൂരം കലക്കിയത്. പൂരം കലക്കിയതിന് മുഖ്യമന്ത്രിക്ക് ഉത്തരം പറയേണ്ടി വരും. പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

vd satheesan cm pinarayivijayan Thrissur Pooram