/kalakaumudi/media/media_files/myO7VFSRbKSB1Mx1R1v7.jpg)
യു ഡിഎഫ് ഒരു ടീമായി പ്രവര്‍ത്തിച്ചതിന്റെ വിജയമാണ് നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുമ്പെങ്ങുമില്ലാത്ത വിധം ഒറ്റെക്കാട്ടായാണ് യുഡിഎഫ് നിലകൊണ്ടത്. ആര്യാടന്‍ ഷൗക്കത്തിന് ഉജ്വല വിജയം സമ്മാനിച്ച നിലമ്പൂരിലെ സമ്മതിദായകരെ താന്‍ അനുമോദിക്കുകയാണ്. 2026 ല്‍ ഒരു കൊടുങ്കാറ്റായി യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം എറണാകുളം ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടീം യുഡിഎഫിന്റെ പ്രവര്‍ത്തനം തന്നെപ്പോലും വിസ്മയിപ്പിച്ചു. കൂടിയാലോചനകളാണ് തങ്ങളുടെ വിജയം നിങ്ങള്‍ ഇനി വെറും യുഡിഎഫ് എന്ന് പറയരുത്, ടീം യുഡിഎഫ് എന്നേ പറയാവൂ. വരച്ചുവച്ച പോലെയാണ് നിലമ്പൂരില്‍ നേതാക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തിച്ചത്. ഏത് കേഡര്‍ പാര്‍ട്ടിയെയും പരാജയപ്പെടുത്താനുള്ള സംഘടനാവൈഭവം യുഡിഎഫിനുണ്ട്. അത് അടുത്ത തിരഞ്ഞെടുപ്പില്‍ കാണിച്ചുതരാമെന്നും സതീശന്‍ പറഞ്ഞു.
മണ്ഡലപുനര്‍നിര്‍ണയത്തിനു ശേഷം നിലമ്പൂര്‍ പിടിക്കുക യുഡിഎഫിന് എളുപ്പമായിരുന്നില്ല. 2011ല്‍ ആര്യാടന്‍ മുഹമ്മദ് 5500 വോട്ടിനാണ് വിജയിച്ചത്. 2016ലും 2021ലും തോറ്റു. ഇപ്പോള്‍ അതിന്റെ പലിശയടക്കം നല്‍കി ജനം മണ്ഡലത്തെ തിരിച്ചു നല്‍കിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ ജനവിരുദ്ധ സര്‍ക്കാരാണന്നതിന് ഇതിനെക്കാള്‍ വലിയ തെളിവുവേണ്ടെന്നും അദ്ദേഹം പറഞ്ഞു.