മൂന്നാം പിണറായി സര്‍ക്കാരെന്ന സ്വപ്‌നത്തിനേറ്റ തിരിച്ചടി, സിപിഎം ഇനി നന്നായി വിയര്‍ക്കും

മൂന്നാം പിണറായി സര്‍ക്കാരെന്ന സ്വപ്‌നത്തിനേറ്റ വലിയ തിരിച്ചടിയാണ് നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പുഫലം. 2026 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇനി സിപിഎം നന്നായി വിയര്‍ക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

author-image
Sreekumar N
New Update
Pinarayi

ശ്രീകുമാര്‍ മനയില്‍

മൂന്നാം പിണറായി സര്‍ക്കാരെന്ന സ്വപ്‌നത്തിനേറ്റ വലിയ തിരിച്ചടിയാണ്  നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പുഫലം.  2026 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇനി സിപിഎം നന്നായി വിയര്‍ക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.  ഭരണവിരുദ്ധ തരംഗമില്ലന്ന് സിപിഎം നിലപാട് ഇനി ചോദ്യം ചെയ്യപ്പെടും. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായിരുന്നു നിലമ്പൂര്‍.  തൃക്കാക്കര,പുതുപ്പള്ളി, പാലക്കാട്  എന്നിവയെല്ലാം യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു.  ഉപതെരെഞ്ഞെടുപ്പുകളില്‍ അത് അവര്‍ നിലനിര്‍ത്തിയതില്‍ വലിയ അത്ഭുതമില്ലന്നായിരുന്നു സിപിഎം കേന്ദ്രങ്ങള്‍ വാദിച്ചിരുന്നത്. എന്നാല്‍ ഇതാദ്യമായി ഇടതമുന്നണിയുടെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തതോടെ പഴയ അവകാശവാദങ്ങള്‍ക്കൊന്നും  ഇനി കഴമ്പില്ലന്നാണ്  സിപിഎം കേന്ദ്രങ്ങള്‍ തന്നെ  പറയുന്നത്.

പിവി അന്‍വര്‍ രാജിവച്ചത് തന്നെ സിപിഎമ്മിനെ ഒരു രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ വേണ്ടിയായിരുന്നു. നിലമ്പൂരില്‍ ഉപതെരെഞ്ഞെടുപ്പുവന്നാല്‍  പാര്‍ട്ടിക്ക് ജയിക്കാന്‍ കഴിയില്ലന്ന് അന്‍വറിന് നന്നായി അറിയാമായിരുന്നു.   പക്ഷെ യുഡിഎഫ് തന്നെ സ്വീകരിക്കുമെന്നും നിലമ്പൂരില്‍ യുഡിഎഫ് സ്വതന്ത്രനായി മല്‍സരിക്കാന്‍ കഴിയുമെന്നും അന്‍വര്‍  പ്രതീക്ഷിച്ചു.  മുസ്‌ളീം ലീഗ് നേതൃത്വം അത്തരത്തിലൊരു ഉറപ്പ് നല്‍കുകയും ചെയ്തു.  പക്ഷെ വിഡി സതീശന്റെ കടും പിടുത്തം അന്‍വറിന്റെ യുഡിഎഫ് മോഹങ്ങളെ തല്‍ക്കാലത്തേങ്കിലും തല്ലിക്കെടുത്തി. പക്ഷെ ഒറ്റക്ക്   നിന്നു കരുത്തുതെളിയിക്കാന്‍ അന്‍വറിന് കഴിഞ്ഞത് ചെറിയ കാര്യവുമല്ല. ഏതായാലും വരുന്ന  നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് തന്നെ പിവി അ്ന്‍വര്‍ യുഡിഎഫിലേക്ക് വരുമെന്ന കാര്യത്തില്‍ ഏറെക്കുറെ തിരുമാനമായിക്കഴിഞ്ഞു.
കോണ്‍ഗ്രസിലും യുഡിഎഫിലും വിഡി സതീശന്‍ തന്റെ നില ഭദ്രമാക്കിയിരിക്കുകയാണ്.   ഉപതെരെഞ്ഞെടുപ്പിലെ  വിജയങ്ങള്‍ അദ്ദേഹത്തിന് കരുത്തുപകര്‍ന്നിരിക്കുകയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.   മുസ്‌ളീം ലീഗിന്റെ സമ്മര്‍ദ്ധത്തെപ്പോലും മറികടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല.  യുഡിഎഫ്  ചെയര്‍മാനെന്ന നിലയില്‍  അദ്ദേഹമെടുത്ത നിലപാടുകളുടെ അംഗീകാരം കൂടിയായി ഈ വിജയമെന്ന് പറയുന്നതിലും  തെറ്റില്ല. 

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം  ഇനി പഴയതുപോലെ  മുന്നോട്ടുപോവുക അത്ര എളുപ്പമല്ല. ഭരണവിരുദ്ധവികാരം അതിശ്ക്തമായി തന്നെ  പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ക്ക് അംഗീകരിക്കേണ്ടി വരും. പിണറായിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടില്ലങ്കിലും അദ്ദേഹത്തിന്റെ പിടി പാര്‍ട്ടിയിലും സര്‍ക്കാരിലും അയഞ്ഞുവരികയാണ് എന്ന തോന്നല്‍ ശ്ക്തമായിവരികയാണ്.  പിണറായി വിരുദ്ധര്‍ക്ക് ഒരുമിക്കാനുള്ള അവസരം കൂടിയാണ് ഈ തെരെഞ്ഞെടുപ്പ്   പരാജയം സൃഷ്ടിച്ചിരിക്കുന്നത്.  ബംഗാളിലെ അവസ്ഥ കേരളത്തിലുണ്ടാകുമോ എന്ന ഭയം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. എംഎ ബേബിയെപ്പോലുള്ളവര്‍ പിണറായി ഒന്നു വീഴാന്‍ കാത്തുനില്‍ക്കുകയാണ്. അധികാരം നിലനിര്‍ത്തണമെങ്കില്‍ പിണറായി കയ്യിലുള്ള ആയുധങ്ങള്‍ ഒന്നും പോരാതെ വരുമെന്ന ചിന്തയും പാര്‍ട്ടിയില്‍ രൂഡമൂലമായിക്കഴിഞ്ഞു. ഈ പ്രതിസന്ധിയെ മറിടക്കുക സിപിഎമ്മിനും പിണറായിക്കും അത്ര എളപ്പുമല്ല.