/kalakaumudi/media/media_files/myO7VFSRbKSB1Mx1R1v7.jpg)
ശ്രീകുമാര്‍ മനയില്‍
പാലക്കാട് ഉപതെരെഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍ നിര്‍ണ്ണായകമായ മാറിയ വിഡിസതീശന്‍ ഷാഫി പറമ്പില്‍ സഖ്യം പൊളിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തലിനെതിരായി ഉയര്‍ന്ന ലൈംഗികപീഡനആരോപണങ്ങളും അതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് യൂത്തുകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവക്കേണ്ടി വന്നതുമാണ് കോണ്‍ഗ്രസില്‍ പുതുതായി ഇവര്‍ രൂപപ്പെടുത്തിയ സഖ്യം പൊളിയാന്‍ കാരണം. സതീശന്‍- ഷാഫി- മാങ്കൂട്ടത്തില്‍ ത്രയങ്ങള്‍ ഒരു വേളപാര്‍ട്ടി പിടിച്ചെടുക്കുമെന്ന അവസ്ഥവരെ സംജാതമായിരുന്നു. സാക്ഷാല്‍ ചാണ്ടി ഉമ്മനെപ്പോലും ഒതുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. എഗ്രൂപ്പിനെ ഷാഫി പറമ്പില്‍ വിഴുങ്ങുമെന്ന ഘട്ടമായപ്പോഴാണ് ടി സിദ്ദിഖും പിസി വിഷ്ണുനാഥും ചാണ്ടി ഉമ്മന്റെ പിന്തുണയോടെ ' ഒറിജിനല്‍ എഗ്രൂപ്പുണ്ടാക്കിയത്' നിയമസഭാ കക്ഷി നേതാവും യുഡിഎഫ് ചെയര്‍മാനുമെന്ന നിലയില്‍ വിഡി സതീശന്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയതോടെ പ്രതിപക്ഷ നേതാവാകാന്‍ സതീശനെ പിന്തുണച്ച ഷാഫി പറമ്പില്‍ വലിയ സ്വാധീനശക്തിയായി മാറി. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തെ മറികടന്നാണ് 2021 ലെ തെരെഞ്ഞെടുപ്പിന് ശേഷം സതീശനൊപ്പം ഷാഫി പറമ്പില്‍ നിലയുറപ്പിച്ചത്. പ്രതിപക്ഷ നേതാവാകാന്‍ വിഡി സതീശന് പിന്തുണ നല്‍കരുതെന്നാണ് ഉമ്മന്‍ചാണ്ടി ഷാഫിയോട് പറഞ്ഞതെങ്കിലും അദ്ദേഹം അത് അനുസരിക്കാന്‍ തെയ്യാറായില്ല. ഇത് വലിയ മനോവേദനയാണ് ഉമ്മന്‍ചാണ്ടിയിലുണ്ടാക്കിയത്്.
പാലക്കാട് ഉപതെരെഞ്ഞെടുപ്പില്‍ വിടി ബല്‍റാമിനെയോ, കെ മുരളീധരനെയോ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പാലക്കാട് ഡിസിസിയും കെപിസിസിയും ആഗ്രഹിച്ചത്. എന്നാല്‍ രാഹുല്‍മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ താന്‍ വിജയിപ്പിച്ചുകൊള്ളാമെന്ന ഉറപ്പ് ഷാഫി പറന്വില്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ഇവര്‍ രണ്ടുപേരും വെട്ടിപ്പോയത്. പാലക്കാടും, നിലമ്പൂരും സതീശന്‍ ഷാഫി കൂട്ടുകെട്ടാണ് വിജയഫോര്‍മുല തിരുമാനിച്ചത്. ഇതോടെ പാര്‍ട്ടിയില്‍ ഇവര്‍ ശക്തരായി മാറുകയായിരുന്നു. ഹൈക്കമാന്‍ഡിലെ രണ്ടാമനായ കെസി വേണുഗോപാലിന് പോലും ഈ കൂട്ടുകെട്ട് ഭീഷണിയുയര്‍ത്തിയിരുന്നു.
എന്നാല്‍ രാഹുല്‍മാങ്കൂട്ടത്തില്‍ പുറത്തുപോകുന്നതിലൂടെ ഈ കെട്ടുകെട്ടില്‍ വിള്ളല്‍ വീണിരിക്കുകയാണ്. മാങ്കൂട്ടത്തിലിനെ യൂത്തുകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ചരട് വലിച്ചത് ഷാഫിയായിരുന്നു. ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേര് ജെ എസ് അഖിലേന്റെതായിരുന്നു. എന്നാല്‍ അതിനെ മറികടന്നാണ് സതീശന്റെ പിന്തുണയോടെ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത്. രാഹുലിനെ സംരക്ഷിക്കാന്‍ വിഡി സതീശന്‍ ശ്രമിച്ചുവെന്ന ധാരണ ഇപ്പോള്‍ പരന്നതോടെ പ്രതിപക്ഷ നേതാവ് പ്രതിരോധത്തിലായിരിക്കുയാണ്. രാഹുലിനെതിരെ ആരോപണമുന്നയിച്ച പെണ്‍കുട്ടി ഇത് താന്‍ വിഡി സതീശനോട് നേരത്തെ തന്നെ പറഞ്ഞതാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇതോടെ പ്രതിപക്ഷ നേതാവ് വലിയ പ്രതിസന്ധിയിലായി. ഷാഫി പറമ്പിലിന്റെ വാക്കുകേട്ട് രാഹുലിനെതിരായ പരാതികള്‍ അവഗണിച്ചതാണ് സതീശന് പറ്റിയ അബദ്ധമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഏതായാലും സതീശന്‍ ഷാഫി കൂട്ടുകെട്ട് പൊളിഞ്ഞതോടെ പഴയ കരുത്തന്‍മ്മാര്‍ കളത്തിലിറങ്ങുകയാണ്. കെസി വേണുഗോപാല്‍ വീണ്ടും കേരളത്തിലെ പാര്‍ട്ടിയില്‍ പിടിമുറക്കാനാണൊരുങ്ങുന്നത്.