/kalakaumudi/media/media_files/2026/02/26/kannur-7-2026-02-26-09-13-44.jpg)
കണ്ണൂര്‍: മന്ത്രി വീണാ ജോര്‍ജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പൊലീസിനു കിട്ടിയില്ല. റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ആര്‍പിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ പ്രതിഷേധക്കാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളൊന്നും ഇതിലില്ല. മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂര്‍ കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫിസിന് അജ്ഞാതര്‍ തീയിട്ടു. അര്‍ധരാത്രിയോടെയാണ് സംഭവം. കല്ലില്‍ത്താഴയിലുള്ള പാറാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിനാണ് തീയിട്ടത്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസിന്റെ കൊടിമരങ്ങളും ഫ്‌ലക്‌സ് ബോര്‍ഡുകളും സിപിഎം നശിപ്പിക്കുന്നത് തുടരുകയാണ്.
വീണാ ജോര്‍ജിനു പരുക്കേറ്റ സംഭവത്തില്‍ അഞ്ച് കെഎസ്യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ഇവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍, അഹമ്മദ് യാസീന്‍, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
'കൊല്ലെടാ' എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരുക്കേല്‍പ്പിച്ചു എന്നാണ് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് എതിരായ കേസ്. കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ റെയില്‍വേ പൊലീസിനു കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നില്‍ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ വാഹനത്തിനു മുന്നിലെ ഫ്‌ലാഗ് പോസ്റ്റ് നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, സെക്രട്ടറി അഷ്‌കര്‍ കണ്ണാടിപറമ്പ, ജാബിര്‍, നിസാം, നിഹാല്‍ ഇരിക്കൂര്‍ എന്നിവരാണ് റിമാന്‍ഡിലായത്.
ഇന്നലെ ഒന്നാം പ്ലാറ്റ്‌ഫോമിനു പുറത്ത് ബിജെപി പ്രവര്‍ത്തകരാണ് മന്ത്രിക്കെതിരെ ആദ്യം പ്രതിഷേധിച്ചത്. അതിന് ശേഷം മന്ത്രി പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോഴാണ് കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ചാടിവീണത്. അഞ്ചോളം പ്രവര്‍ത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ഇവരെ പൊലീസ് തടയാന്‍ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ മന്ത്രി പ്രതിഷേധക്കാരോടും പൊലീസിനോടും കയര്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 'എന്താ എനിക്ക് നടക്കാന്‍ പറ്റില്ലേ, ഭീരുക്കള്‍ അവരോട് ഒന്നുകൂടി വരാന്‍ പറയൂ' എന്ന് മന്ത്രി പറയുന്നുണ്ട്. പ്രതിഷേധക്കാരെ മാറ്റിയ ശേഷം കടന്നുപോയ മന്ത്രി ഇവിടെയുണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിനെ കണ്ടു. തുടര്‍ന്നാണ് തനിക്ക് പരുക്കേറ്റുവെന്ന് മന്ത്രി വെളിപ്പെടുത്തിയത്. സ്പീക്കറുടെ നിര്‍ദേശ പ്രകാരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
