/kalakaumudi/media/media_files/2025/10/18/image_search_1760674465565-2025-10-18-08-13-50.jpg)
​കൊല്ലം: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന ശ്രീ. വെള്ളാപ്പള്ളി നടേശന് ആദരവ് അർപ്പിച്ചുകൊണ്ട് എസ്.എൻ.ഡി.പി. യോഗം കൊല്ലം യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19-ന് വിപുലമായ സ്വീകരണവും ആദരവും നൽകും.
​നവോത്ഥാന ഭാരതത്തിന് അടിത്തറ പാകിയ എസ്.എൻ.ഡി.പി. യോഗം എന്ന മഹാപ്രസ്ഥാനത്തിൻ്റെ ജനറൽ സെക്രട്ടറി, എസ്.എൻ. ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളിയ്ക്ക് കൊല്ലം യൂണിയൻ നൽകുന്ന ആദരവിൽ യൂണിയൻ്റെ പരിധിയിലുളള 77 ശാഖകളിൽ നിന്നായി ആയിരക്കണക്കിന് യോഗം പ്രവർത്തകരും വിവിധ സാംസ്കാരിക തലങ്ങളിലുള്ള പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിക്കും.
​സമ്മേളന വേദി
​കൊല്ലം കന്റോൺമെൻ്റ് മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് മഹാസമ്മേളനം നടക്കുന്നത്. ഒക്ടോബർ 19-ന് വൈകിട്ട് 4.30-ന് ചേരുന്ന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിയിക്കും.
​പ്രമുഖരുടെ സാന്നിധ്യം
​എസ്.എൻ.ഡി.പി. യോഗം കൊല്ലം യൂണിയൻ പ്രസിഡൻ്റ് മോഹൻ ശങ്കർ അധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതം പറയും.
​സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, എം.എൽ.എയും മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ രമേശ് ചെന്നിത്തല, കൊല്ലം എം.പി.യും മുൻ ജലസേചന വകുപ്പ് മന്ത്രിയുമായ എൻ.കെ. പ്രേമചന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റും മുൻ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ, എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി, കൊല്ലം മേയർ ഹണി ബെഞ്ചമിൻ എന്നിവർ സംസാരിക്കും.
​എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്വീകരണവും ആദരവും ഏറ്റുവാങ്ങിയ ശേഷം മറുപടി പ്രസംഗം നടത്തും. യൂണിയൻ വൈസ് പ്രസിഡൻ്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദി പറയും.
​ചടങ്ങിനോടനുബന്ധിച്ച് 100-ൽ പരം നർത്തകിമാർ പ്രാർത്ഥനാ ഗീതമായ ദൈവദശകം മോഹിനിയാട്ടം രൂപത്തിൽ അവതരിപ്പിക്കും