വിഴിഞ്ഞത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ വ്യാജ ബോംബ് ഭീഷണി

10.30-ന് ബോംബ് പൊട്ടുമെന്നും ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാറണമെന്നുമായിരുന്നു സന്ദേശം. എല്‍.ടി.ടി പരാമര്‍ശമടക്കം തമിഴ്നാട് രാഷ്ട്രീയവും കത്തിലുണ്ട്

author-image
Biju
New Update
vjm

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം മുക്കോല സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ വ്യാജ ബോംബ് ഭീഷണി. രാവിലെ ഏഴുമണിയോടെയാണ് ബാങ്കില്‍ ഇ മെയില്‍ മുഖാന്തരം ഭീഷണി സന്ദേശം എത്തിയത്. സന്ദേശം കണ്ടതോടെ ജീവനക്കാര്‍ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങിയോടി. 

ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ച് 10 മണിയോടെയാണ് മാനേജര്‍ സന്ദേശം കാണുന്നത്. തുടര്‍ന്ന് വിവരമറിഞ്ഞ് വിഴിഞ്ഞം എസ്.എച്ച്.ഒ. സുനീഷ് ഗോപിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി സുരക്ഷയൊരുക്കി.

ഡോഗ് സ്‌ക്വാഡും പൊലീസും എത്തി പരിശോധന നടത്തിയതിനെത്തുടര്‍ന്ന് ഭീഷണി വ്യാജമാണെന്ന് ബോധ്യമായി. 10.30-ന് ബോംബ് പൊട്ടുമെന്നും ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാറണമെന്നുമായിരുന്നു സന്ദേശം. എല്‍.ടി.ടി പരാമര്‍ശമടക്കം തമിഴ്നാട് രാഷ്ട്രീയവും കത്തിലുണ്ട്.

പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് കത്തിലുള്ളതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ബാങ്കിന് മുകളില്‍ വിഴിഞ്ഞത്തെ തുറമുഖ കമ്പനിയിലേക്ക് ചരക്കുനീക്കം നടത്തുന്ന ഷിപ്പിങ് കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.