വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ തിരക്കിനു പരിഹാരമാകുന്ന മേൽപാലത്തിന്റെ രൂപരേഖ അവസാന ഘട്ടത്തിലെന്ന് കേരള റോഡ് ഫണ്ട് ബോർഡ് (കെ ആർഎഫ്ബി). മന്ത്രിസഭയുടെ അനുമതി ലഭിച്ചാലുടൻ മേൽപാലത്തിന്റെ നിർമാണ പ്രവ്ർത്തനങ്ങളിലേയ്ക്ക് കടക്കാൻ കഴിയുന്നവിധം രൂപരേഖ അന്തിമമാക്കും.വെഞ്ഞാറമൂട് മോസ്കിനു സമീപത്തുനിന്ന് ആരംഭിച്ച് സിന്ധു തിയറ്ററിനു സമീപം വരെ 450 മീറ്റർ നീളത്തിലാണ് മേൽപാലം നിർമിക്കാനൊരുങ്ങുന്നത്.11.5 മീറ്റർ വീതിയിലാണ് മേൽ പാലം നിർമിക്കാൻ ആദ്യം രൂപരേഖ തയാറാക്കിയത്.
എന്നാൽ, ഇത്രയും വീതിയിൽ പാലം നിർമിച്ചാൽ സർവീസ് റോഡിനു വേണ്ടി ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതു പദ്ധതിയുടെ ചെലവ് കൂട്ടുകയും പൂർ ത്തിയാക്കുന്നതിൽ കാലതാമസം കരുത്തുകയും ചെയ്യുമെന്ന് വിലയിരുത്തി ഒരു മീറ്റർ വീതി കുറച്ചാണ് പുതിയ രൂപരേഖ തയാറാക്കുന്നത്.
മേൽപാലത്തിന്റെ ഇരുവശത്തും 3.5 മീറ്റർ വീതം വീതിയിലാണ് സർവീസ് റോഡ് നിർമിക്കുക.1.5 മീറ്റർ വ്യാസമുള്ള 10 കോൺക്രീറ്റ് തൂണുകളിലായാണ് മേൽപാലം നിർമിക്കുക. മേൽപാലത്തിനു താഴെ വാഹന പാർക്കിങ്ങിനുള്ള സൗകര്യവും ഒരുക്കും.
ഗതാഗതക്കുരുക്കിൽ വലയുകയാണ് നിലവിൽ വെഞ്ഞാറമൂട്. നാല് പ്രധാന റോഡുകൾ തിരിയുന്ന ജങ്ഷനിൽ രാവിലെയും വൈകീട്ടും മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ്. തൈക്കാടു മുതൽ ആലന്തറ വരെയുള്ള ഭാഗത്ത് വാഹനങ്ങൾക്ക് ഒച്ചിഴയുന്ന വേഗമാണ്. ഇവിടെ പ്രധാന ജംഗ്ഷനിലേക്കാണ് സർക്കാർ ഹയർസെക്കന്ററി സ്‌കൂളിന്റെ പ്രവേശനകവാടം തുറക്കുന്നതും. സ്‌കൂൾ സമയങ്ങളിൽ കുട്ടികൾ റോഡുമുറിച്ചു കടക്കുന്നത് കണ്ടുനിൽക്കുന്നവരെ പോലും ഭയചകിതരാക്കും. ഇഴഞ്ഞുനീങ്ങുന്ന കൂറ്റൻ വാഹനങ്ങൾക്കിടയിലൂടെയാണ് കുട്ടികൾ റോഡ് മുറിച്ചുകടക്കേണ്ടത്. അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായിട്ടും വാഗ്ദാനത്തിനപ്പുറം നടപടികളൊന്നുമില്ല.
ശബരിമല തീർഥാടനക്കാലമായാൽ വെഞ്ഞാറമൂടു കടക്കാൻ പെടാപ്പാടാണ്. പ്രതിദിനം നൂറുകണക്കിനു തീർഥാടന വാഹനങ്ങളാണ് വെഞ്ഞാറമൂട്ടിലെത്തുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി തെരഞ്ഞെടുപ്പുകാലത്ത് പറഞ്ഞുകേൾക്കാറുള്ളതാണ് വെഞ്ഞാറമൂടിന്റെ വികസനവും മേൽപ്പാലം നിർമാണവും. ഒന്നും നടക്കില്ലെന്ന് കരുതിയിരിക്കവെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019 സംസ്ഥാനബജറ്റിൽ ഉൾപ്പെടുത്തുകയും മേൽപ്പാലത്തിന് കിഫ്ബി വഴി തുക അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയത്.