/kalakaumudi/media/media_files/2026/02/03/afan-2026-02-03-11-24-25.jpg)
കൊച്ചി: 'കാലം പറഞ്ഞ കഥ' സിനിമയുടെ റിലീസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് എച്ച്. അബ്ദുൾ റഹീമാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമ വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയെന്നാണ് ആരോപണം. വിചാരണ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നാണ് ആവശ്യം.'കാലം പറഞ്ഞ കഥ' ഈ മാസം റിലീസ് ചെയ്യാനിരിക്കെയാണ് പിതാവ് കോടതിയെ സമീപിച്ചിരിക്കുന്നത്.
സിനിമയുടെ പ്രഖ്യാപനത്തിനു ശേഷം ഒട്ടേറെ സമൂഹമാധ്യമ പോസ്റ്റുകളാണ് കുറ്റാരോപിതനെ കുറ്റക്കാരനെന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നത്. കേസിൽ വിചാരണ പോലും തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇത്തരമൊരു സിനിമ റിലീസ് ചെയ്യുന്നത് മകന് ന്യായവിചാരണ ലഭിക്കാനുള്ള അവകാശത്തെ ഹനിക്കലാകും, അത് മാധ്യമവിചാരണയ്ക്കും മുൻവിധിക്കും കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു.സിനിമ ഇപ്പോൾ പുറത്തു വരുന്നത് സാക്ഷികളെ സ്വാധീനിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിചാരണ തീരുന്നതുവരെ സിനിമയ്ക്കും കേസിനെപ്പറ്റിയുള്ള മറ്റു ദൃശ്യ-ശ്രാവ്യ ഉള്ളടക്കങ്ങൾക്കു വിലക്കേർപ്പെടുത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം.
കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് അഫാൻ അഞ്ച് പേരെ കൊലപ്പെടുത്തിയത്. കേരളം ഞെട്ടിയ കൂട്ടക്കൊലപാതകമായിരുന്നു വെഞ്ഞാറമൂട് നടന്നത്.
പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, സുഹൃത്ത് ഫർസാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ഷെമി ദീർഘനാളത്തെ ചികിത്സയ്ക്കു ശേഷമാണ് രക്ഷപ്പെട്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
