റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് റിയാദ് കോടതി അഞ്ചാം തവണയും മാറ്റിവച്ചു. ഈ മാസം 12ന് നടക്കേണ്ടിയിരുന്ന സിറ്റിങ് സാങ്കേതിക തടസ്സങ്ങള്‍ മൂലമാണു കോടതി ഇന്നലെത്തേക്ക് മാറ്റിയത്. ഞായറാഴ്ച രാവിലെയായിരുന്നു സിറ്റിങ് നിശ്ചയിച്ചിരുന്നത്. സിറ്റിങ്ങില്‍ എല്ലാം തീര്‍പ്പാക്കി ഉത്തരവിന്റെ പകര്‍പ്പ് ഗവര്‍ണറേറ്റിലേക്കും ജയിലിലേക്കും നല്‍കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്.
റഹീമിന്റെ മടക്കയാത്രക്കുള്ള രേഖകള്‍ എംബസി തയ്യാറാക്കിയിട്ടുണ്ട്. സൗദി പൗരന്‍ അനസ് അല്‍ ശഹ്‌റിയുടെ മരണവുമായി ബന്ധപ്പെട്ടാണ് റഹീമിന് സൗദിയിലെ കോടതി വധശിക്ഷ വിധിച്ചത്. 2006 ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം. സൗദി പൗരനായ അനസ് ബിന്‍ ഫായിസ് അബ്ദുല്ല അല്‍ ശഹ്‌റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഹൗസ് ഡ്രൈവറായാണ് റഹീം സൗദിയില്‍ എത്തിയത്. വാഹനാപകടത്തെ തുടര്‍ന്ന് ഇരിക്കാനും നടക്കാനും കഴിയാതെ തളര്‍ന്ന അനസ് അല്‍ ശഹ്‌റി എന്ന 18കാരനെ പരിചരിക്കലായിരുന്നു റഹീമിന്റെ ജോലി. കഴുത്തിനു താഴെ ചലനശേഷി നഷ്ടമായ അനസ് ബിന്‍ ഫായിസ് ജീവന്‍ നിലനിര്‍ത്തിയതു വൈദ്യോപകരണങ്ങളുടെ സഹായത്തോടെയായിരുന്നു. യാത്രക്കിടെ സിഗ്‌നലില്‍ കാര്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് അനസും റഹീമും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതിനിടെ റഹീമിന്റെ കൈ തട്ടി അനസിന്റെ ദേഹത്ത് ഘടിപ്പിച്ച വയര്‍ ബന്ധം വിച്ഛേദിക്കപ്പെടുകയും അനസ് മരിക്കുകയുമായിരുന്നു.