രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചിരുന്നു

author-image
Devina
New Update
rahul mamkootathil

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ അപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും.

കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചിരുന്നു. ഇതോടെ ഹർജിയിൽ വിധി പറയുന്നതു മാറ്റിവെക്കുകയായിരുന്നു.

പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുന്ന രാഹുലിന് ഇന്ന് ജില്ലാ കോടതിയിലും തിരിച്ചടി നേരിട്ടാൽ പിന്നീട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കുക. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകിയിരുന്നു.

 രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചിരുന്നു. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും മുൻകൂർ ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് സത്യവാങ്മൂലത്തിൽ അതിജീവിത ഉന്നയിക്കുന്നത്.