വെർച്വ‌ൽ അറസ്റ്റ് തട്ടിപ്പ് : നടി മാലാ പാർവതിക്കു നേരെ തട്ടിപ്പുശ്രമം

വ്യാജ ഐഡി കാർഡ് അടക്കം നൽകി മുംബൈ പൊലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 

author-image
Vishnupriya
New Update
mala parvathi

കൊച്ചി: നടി മാലാ പാർവതിയിൽനിന്ന് പണം തട്ടാൻ ശ്രമം. കുറിയർ തടഞ്ഞു വച്ചെന്നു പറഞ്ഞാണ് സൈബർ തട്ടിപ്പിന് ശ്രമം നടത്തിയത്. ഒരു മണിക്കൂറോളം മാലാ പാർവതിയെ വെർച്വൽ അറസ്റ്റിലാക്കി. വ്യാജ ഐഡി കാർഡ് അടക്കം നൽകി മുംബൈ പൊലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 

മധുരയിൽ ഷൂട്ടിങ് സമയത്ത് ഒരു ദിവസം രാവിലെയാണ് ഫോൺ വന്നതെന്ന് മാലാ പാർവതി പറഞ്ഞു. ‘‘ഡിഎച്ച്എൽ എന്ന സ്ഥാപനത്തിൽ നിന്ന് ഒരു പാഴ്സല്‍ തടഞ്ഞുവച്ചെന്നു പറഞ്ഞാണ് ഫോൺ വന്നത്. നേരത്തെ ഇത്തരത്തിലൊരു അനുഭവം ഉണ്ടായതിനാൽ ഫോൺ സത്യമായിരിക്കുമെന്നാണ് കരുതിയത്. അങ്ങനെ അവരുടെ കസ്റ്റമർ കെയറിലേക്ക് കണക്ട് ചെയ്തു. അവരോട് കാര്യങ്ങൾ പറഞ്ഞപ്പോൾ, നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തായ്‍വാനിലേക്ക് ഒരു പാഴ്സൽ പോയിട്ടുണ്ടെന്ന് പറഞ്ഞു.

എന്താണ് കൂടുതൽ വിവരങ്ങൾ എന്ന് ചോദിച്ചപ്പോൾ മുംബൈയിൽനിന്ന് പാഴ്സൽ അയച്ച നമ്പർ, തയ്‌വാനിൽ അത് അയച്ച ആളുടെ നമ്പർ അഡ്രസ് എല്ലാം അയാൾ പറഞ്ഞു. പാഴ്സലിൽ പാസ്പോർട്ട്, ക്രഡിറ്റ് കാർഡ്, ലാപ്ടോപ്പ്, 200 ഗ്രാം എംഡിഎംഎ എന്നിവയാണുള്ളതെന്നാണ് അവർ അറിയിച്ചത്. പിന്നാലെ അവർ മുംബൈ പൊലീസിനെ കണക്ട് ചെയ്ത് തന്നു.

ഇതൊരു വലിയ സ്കാമാണെന്നും പലരുടെയും ആധാർ കാർഡ് ഇങ്ങനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും നിങ്ങളുടെ നമ്പറും അതിൽപെട്ടെന്നും അവർ പറഞ്ഞു. പല ഉദ്യോഗസ്ഥരോട് ഞാൻ അപ്പോൾ സംസാരിച്ചു. പിന്നാലെ പ്രകാശ് കുമാർ ഗുണ്ടു എന്നയാളോടാണ് സംസാരിച്ചത്. അദ്ദേഹമെനിക്ക് മുംബൈ ക്രൈംബ്രാഞ്ച് എന്നു പറഞ്ഞ് ഐഡി കാർഡ് പോലും അയച്ച് തന്നു. 12 സംസ്ഥാനങ്ങളിൽ എന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയെന്നാണ് പറഞ്ഞത്. എന്നാൽ വളരെ കൺവിൻസിങ് ആയ രീതിയിൽ അദ്ദേഹം സംസാരിച്ചതു കൊണ്ട് ഇത് സത്യമല്ല എന്ന് മനസ്സിലാക്കാനേ പറ്റിയില്ല.

ഒരുപാട് കാര്യങ്ങൾ പറഞ്ഞ് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു. ആ സമയത്ത് ഞാൻ ഐഡി കാർഡ് പരിശോധിച്ചപ്പോഴാണ് അതിൽ അശോക സ്തംഭം ഇല്ലെന്ന് മനസ്സിലായത്. അങ്ങനെയാണ് ഗൂഗിളിൽ തിരഞ്ഞതും ഇത് തട്ടിപ്പാണെന്നും മനസ്സിലായതും. പിന്നീട് എന്റെ മാനേജർ തിരിച്ച് വിളിച്ചപ്പോൾ അവർ ഫോൺ എടുത്തില്ല’’ മാലാ പാർവതി പറഞ്ഞു. ഏതാണ്ട് 72 മണിക്കൂറോളം തന്നെ വെർച്വൽ അറസ്റ്റിലാക്കാൻ ശ്രമിച്ചെന്നും അവർ പറഞ്ഞു. തയ്‌വാനിലേക്ക് ലഹരിമരുന്നടക്കം അയച്ചെന്ന് പറഞ്ഞാണ് വെർച്വൽ അറസ്റ്റിലാക്കി ചോദ്യം ചെയ്തതെന്നും പണം തട്ടുന്നതിന് മുൻപു തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞെന്നും മാലാ പാർവതി പറഞ്ഞു.

Mala Parvathi virtual arrest scam